എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ഭാസുരാംഗനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള ആദ്യഘട്ട കുറ്റപത്രമാണെന്നാണ് സമർപ്പിച്ചത്. ഭാസുരാംഗന്റെ മകൻ അഖിൽ, രണ്ട് പെൺമക്കൾ എന്നിവർ ഉൾപ്പെടെ ആറ് പ്രതികളുടെ പേര് പരാമർശിച്ചുകൊണ്ടാണ് കുറ്റപത്രം.
ബാങ്കിൽ 3 കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി അന്വേഷണത്തിലെ കണ്ടെത്തൽ. ബെനാമി പേരിൽ ഭാസുരാംഗൻ 51 കോടി രൂപ ബാങ്കിൽ നിന്നും തട്ടി. ശ്രീജിത്, അജിത് എന്നിങ്ങനെയുള്ള ബെനാമി അക്കൗണ്ടുകളിലൂടെയാണ് ഈ തുക തട്ടിയെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. അഖിലാണ് കേസിലെ രണ്ടാം പ്രതി. കലൂരിലെ പ്രത്യേക കോടതിയിൽ ആണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഏഴായിരം പേജുള്ള കുറ്റപത്രമാണ് കേസിൽ ഇഡി തയ്യാറാക്കിയിരിക്കുന്നത്.
കണ്ടല സഹകരണ ബാങ്കിന് 57 കോടി രൂപയുടെ നഷ്ടാണ് ഉണ്ടായിരിക്കുന്നത് എന്നാണ് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിലെ കണ്ടെത്തൽ. ബെനാമി പേരിൽ എടുത്തതിന് പുറമേ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പ എടുത്തിരുന്നു. ബെനാമി അക്കൗണ്ടുകളിൽ നൽകിയ 51 കോടി രൂപ തിരിച്ചടയ്ക്കാതിരുന്നത് സഹ. ജോയിന്റ് രജിസ്ട്രാർ അറിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വിവരം കൈമാറരുതെന്ന് ഭാസുരാംഗൻ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
Discussion about this post