എറണാകുളം: മഹാരാജാസ് കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. കെഎസ്‌യു – ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച രണ്ട് എസ്എഫ്‌ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ഉണ്ടായ അക്രമ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ ഇവരുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചിരുന്നു. ഇതിലാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിൽ നിന്നും ഇവരുടെ പങ്ക് വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐക്കാരനെ കുത്തിയ സംഭവത്തിൽ എട്ടാം പ്രതിയായ കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിലായിരുന്നു.
അതേസമയം സംഘർഷത്തിൽ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. നിലവിൽ കോളേജ് അനിശ്ചിത കാലത്തക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെ പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിലേക്ക് മാറ്റിയിരുന്നു.
Discussion about this post