ശ്രീരാമജൻമഭൂമിയിലെ ക്ഷേത്രത്തിൻരെ പുനർനിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യം മുഴുവൻ ഉത്സവ ലഹരിയിലാണ്. കുഞ്ഞുപാദങ്ങൾ പിച്ചവെച്ച് രാം ലല്ല പിറന്ന മണ്ണിലേക്ക് നടന്നെത്തുന്നത് ലോകം മുഴുവനും ഉറ്റുനോക്കുകയാണ് . അയോധ്യയിലെ ഇതേ തെരുവുകൾ ശ്രീരാമന് വേണ്ടി പോരാടാൻ ഇറങ്ങിയ ഒരു ജനതയുടെ ചോരയും കണ്ണീരും ചിതറിത്തെറിച്ച് ഭാരതത്തിന്റെ മുഴുവൻ വേദനയായി മാറിയിരുന്നു.
1990 ഒക്ടോബർ 30! അയോദ്ധ്യയുടെ ചരിത്രതാളുകൾക്ക് മറക്കാനാവാത്ത ദിനം . ജൻമഭൂമിയിൽ പരിക്രമണം ചെയ്യാനെത്തിയ കർസേവകരെ യാതൊരു പ്രകോപനുമില്ലാതെ മുലായം സിംഗിൻറെ പോലീസ് അതി ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ ദിവസം. അൻപതിലധികം കർസേവകരാണ് അന്ന് ജീവത്യാഗം ചെയ്തത്.
അയോദ്ധ്യയിൽ ഒരു പരുന്തുപോലും പറക്കില്ല എന്നായിരുന്നു മുലായം സിംഗിൻറെ പ്രഖ്യാപനം. അയോദ്ധ്യയിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി. 200 കിലോമീറ്റർ അപ്പുറത്ത് തന്നെ വാഹനങ്ങൾ തടഞ്ഞും. ഇതിനെയെല്ലാം അതിജീവിച്ച്, അത്രയും ദൂരം കാൽനടയായി നടന്ന് കർസേവകർ അന്ന് അയോദ്ധ്യയിലെത്തി.
ആദ്യ ദിവസം തർക്കമന്ദിരത്തിൽ കയറി കാവിക്കൊടി നാട്ടി. അടുത്ത ദിവസം ജൻമസ്ഥാനത്തിന് ചുറ്റുമിരുന്ന് നാമം ജപിക്കുകയായിരുന്നു.ജൻമഭൂമിയിൽ ശ്രീരാമ നാമം ജപിച്ചുകൊണ്ടിരുന്ന നിരായുധരായ മനുഷ്യർക്കുനേരെ ഒരു മുന്നറിയിപ്പുമില്ലാതെ പോലീസ് നിരവധി തവണ വെടിയുതിർത്തു. 16 വയസ്സുള്ള കുട്ടികൾ മുതൽ വൃദ്ധരെ വരെ അന്ന് മുലായത്തിൻറെ പോലീസ് കൊലപ്പെടുത്തി.
അന്ന് കർസേകവകരെ നയിച്ചവരിൽ പ്രധാനിയായിരുന്നു രമേശ് പാണ്ഡെ. ഒരു ഇഷ്ടിക ചൂളയിലെ മേൽനോട്ടക്കാരനായിരുന്നു അദ്ദേഹം. ഭാര്യയും നാലു കുട്ടികളുമടങ്ങുന്ന കുടുംബത്തിൻറെ അത്താണി. ” ശ്രീരാമന് വേണ്ടിയാണ് ഞാൻ പോകുന്നത്, അതുകഴിഞ്ഞാൽ തിരിച്ചു വരും . അദ്ദേഹം തൻറെ പത്നിയായ ഗായത്രിയ്ക്ക് വാക്കുകൊടുത്തു. പക്ഷെ ഒരിക്കലും തിരിച്ചുവരാൻ അദ്ദേഹമുണ്ടായില്ല.
മൂന്നു ദിവസത്തിന് ശേഷം വീട്ടിലെത്തിച്ച ജീവനറ്റ ശരീരം കണ്ട് ആ കുടുംബം വിറങ്ങലിച്ചു നിന്നു. പ്രാരാബ്ധവും ബുദ്ധിമുട്ടുകളും ഗായത്രിയെ തളർത്തിയില്ല. ഭർത്താവിൻറെ ഓർമ്മയിൽ കഠിനമായി അദ്ധ്വാനിച്ച് നാലുമക്കളെയും അവർ നല്ല നലയിൽ വളർത്തി. രാം ലല്ല അയോദ്ധ്യയിൽ തിരികെ എത്തുമ്പോൾ ഗായത്രി ആഹ്ലാദവതിയാണ്. തൻറെ ഭർത്താവിൻറെ ജീവത്യാഗം വെറുതെ ആയില്ല.
അയോദ്ധ്യയിലെ സമര ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത മറ്റൊരു പേരാണ് രാജേന്ദ്ര പ്രസാദ് ധാർക്കർ. നെഞ്ചിൽ വെടിയുണ്ടയേറ്റ് പ്രാണൻ പിടയുമ്പോൾ വെറും പതിനാറു വയസ്സ് മാത്രമായിരുന്നു രാജേന്ദ്രപ്രസാദിന്റെ പ്രായം. അച്ഛനോടും അമ്മാവനോടും ഒപ്പമായിരുന്നു അവൻ അയോദ്ധ്യയിലെത്തിയത്. അവിടെ ഇരുന്ന് നാമം ജപിച്ചിരുന്ന അവർക്കു നേരെ ആദ്യം പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
എന്താണ് നടക്കുന്നതെന്ന് അറിയാതെ കണ്ണു കാണാതെ പകച്ചു നിന്ന അവൻറെ ജീവനെടുത്ത് ഒരു വെടിയുണ്ട ശരീരത്തിലേക്ക് പാഞ്ഞുകയറി. കുഞ്ഞനുജൻ രവീന്ദ്രപ്രസാദ് ധാർക്കറിന് അന്ന് എട്ടുവയസ്സുമാത്രമായിരുന്നു പ്രായം.
നീ കൊച്ചു കുട്ടിയാണെന്നും അമ്മയോടൊപ്പം നിൽക്കണമെന്നും ഞാനും അച്ഛനും അമ്മാവനും പോയി തീരികെ വരാമെന്നും , പറഞ്ഞ് ചേട്ടൻ യാത്രയാകുന്നത് അദ്ദേഹത്തിന് ഇന്നും ഓർമ്മയിലുണ്ട്. അച്ഛനും അമ്മാവനും തിരികെ എത്തിയപ്പോൾ ചേട്ടൻ കൂടെയില്ല. ഇന്ന് രാമക്ഷേത്രം പൂർണമാകുമ്പോൾ തൻറെ സഹോദരൻറെ ജീവത്യാഗം സഫലമായി എന്ന് രവീന്ദ്രപ്രസാദ് ഓർക്കുന്നു.
അഞ്ഞൂറുകൊല്ലമായി അനേകായിരങ്ങളാണ് ഈ ധർമ്മ സമരത്തിനായി ജീവൻ വെടിഞ്ഞത്.സിഖ് വീരൻമാരായ നിഹംഗുകളും നാഗാ സന്യാസിമാരും ഇതിനായി ആ മണ്ണിൽ ജീവൻ വെടിഞ്ഞിട്ടുണ്ട്. ബാബറിൻറെയും ഔറംഗസേബിൻറെയും മുതൽ മുലായം സിംഗ് വരെയുള്ള ആക്രമണകാരികളുടെ ആയുധങ്ങൾക്കു മുന്നിൽ പതിനായിരങ്ങൾ രാം ലല്ലയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തു.
ഇന്ന് അവരുടെയെല്ലാം ജീവത്യാഗത്തിന് ഫലം ലഭിച്ചിരിക്കുന്നു. ധർമ്മ സമരത്തിൻറെ അഞ്ഞൂറു വർഷത്തിൻറെ കാത്തിരിപ്പിന് വിരാമമാകുന്നു. വീരത്യാഗികളായ ഓരോരുത്തരെയും സ്മരിച്ചുകൊണ്ട് അയോധ്യയിലേക്ക് രാംലല്ല തിരികെ എത്തുന്നു .
Discussion about this post