ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ തൽസമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ സുപ്രീംകോടതി. ദൃശ്യങ്ങളുടെ സംപ്രേഷണം വിലക്കാൻ സർക്കാരിന് കഴിയില്ലെന്ന് കോടതി പറഞ്ഞു. ബിജെപി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ദൃശ്യങ്ങൾ എല്ലാവരിലും എത്തിക്കാൻ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് രാമഭക്തർ സ്റ്റാലിൻ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ അനുമതി നൽകാൻ കഴിയില്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രാണപ്രതിഷ്ഠയുടെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി പറഞ്ഞു. തമിഴ്‌നാട്ടിൽ വിവിധ വിഭാഗങ്ങൾ ഒന്നിച്ച് കഴിയുന്നുണ്ട്. അതിനാൽ എല്ലാവരുടെയും വികാരം മാനിക്കണമെന്നും സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു.
ഇന്നലെയാണ് അനുമതി നേടി രാമഭക്തർ സർക്കാരിനെ സമീപിച്ചത്. എന്നാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് പുറമേ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള പൂജകൾ, പരിപാടികൾ, അന്നദാനം എന്നിവയ്ക്ക് ഉൾപ്പെടെ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം ആണ് കോടതിയെ സമീപിച്ചത്.
Discussion about this post