പറ്റ്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് ഭാരത രത്‌ന നൽകാനുളള കേന്ദ്ര തീരുമാനത്തെ പുകഴ്ത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രിയുമായ കർപ്പൂരി താക്കൂറിന് ഭാരതത്തിലെ ഏറ്റവും വലിയ പരമോന്നത സിവിലിയൻ ബഹുമതി നൽകാനുളള തീരുമാനം വലിയ സന്തോഷം നൽകുന്നതാണെന്ന് ആയിരുന്നു നിതീഷിന്റെ വാക്കുകൾ.
കർപ്പൂരി താക്കൂറിന്റെ നൂറാം ജൻമവാർഷികത്തിന് നൽകിയ ഈ സമ്മാനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പോസിറ്റീവ് സന്ദേശം നൽകുന്നതാണെന്നും നിതീഷ് കുമാർ പറഞ്ഞു. വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സഫലമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിതീഷ് അനുകൂലിച്ചെങ്കിലും വോട്ടിന് വേണ്ടിയാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് ആയിരുന്നു സഖ്യകക്ഷിയായ ആർജെഡിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് കർപ്പൂരി താക്കൂറിന് ബിജെപി ഭാരത രത്‌ന നൽകിയത്. വോ്ട്ടിന് വേണ്ടിയാണ് കർപ്പൂരി താക്കൂറിനെ ബിജെപി ഓർമ്മിച്ചതെന്നും ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി കുറ്റപ്പെടുത്തി. 1924 ജനുവരി 24 ന് ജനിച്ച കർപ്പൂരി താക്കൂർ 1988 ഫെബ്രുവരി 17 നാണ് അന്തരിച്ചത്. സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിൽ നിന്ന് ധീരമായ പോരാട്ടങ്ങൾ നടത്തി മുഖ്യമന്ത്രി പദം വരെയെത്തിയ നേതാവാണ് കർപ്പൂരി താക്കൂർ.
കർപ്പൂരി താക്കൂറിന് ഭാരത രത്‌ന നൽകണമെന്ന് ലാലുപ്രസാദ് യാദവ് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെന്നും ആർജെഡി അവകാശപ്പെട്ടു. എന്നാൽ ലാലുപ്രസാദ് യാദവ്് യുപിഎ സർക്കാരിലെ പ്രമുഖനായിരുന്ന കാലത്ത് എന്തുകൊണ്ട് കർപ്പൂരി താക്കൂറിന് ഭാരത രത്‌ന നൽകിയില്ലെന്ന ചോദ്യവും ഇതോടെ ഉയർന്നുതുടങ്ങിയിട്ടുണ്ട്. പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ കർപ്പൂരി താക്കൂർ പിന്നീട് ജനതാ പാർട്ടിയിലേക്ക് മാറുകയായിരുന്നു.
Discussion about this post