കൊച്ചി; മോഹൻലാൽ എന്ന നടന്റെ മാസും ക്ലാസും ഒക്കെ പുറത്തെടുക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് വാലിബൻ എന്നുറപ്പിക്കുന്ന റിലീസ് ടീസറും പുറത്ത്. ചിത്രം തിയറ്ററിൽ രാവിലെ എത്താനിരിക്കെയാണ് മണിക്കൂറുകൾക്ക് മുൻപ് റിലീസ് ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിലെ ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം ലാലേട്ടന്റെ മാസ് ഡയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗുസ്തിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന വാലിബനിൽ അതിനോട് ചേർന്ന് നിൽക്കുന്ന സീനുകളാണ് കൂടുതലും. ഡയലോഗുകളും ആക്ഷൻ ചുവടുകളും തിയറ്ററുകളെ കിടിലം കൊളളിക്കുമെന്ന സൂചന റിലീസ് ടീസറിലുണ്ട്. കേളു മല്ലൻ, മാങ്ങോട്ടു മല്ലൻ, മെക്കാളെ മഹാരാജ്, ലേഡി മെക്കാളെ, ചമതകൻ തുടങ്ങിയ കഥാപാത്രങ്ങളെയാണ് ടീസറിൽ പരിചയപ്പെടുത്തുന്നത്.
ഇതിന് ശേഷമാണ് ലാലേട്ടന്റെ മാസ് ഡയലോഗ്. ഇരുമുളളിന്റെ തടി ഈ നാട്ടിൽ ഇല്ലെന്ന് കേട്ടു. പോര് കഴിഞ്ഞ് പോകുമ്പോൾ അമ്മയ്ക്ക് കുത്തിപ്പിടിക്കാൻ മകന്റെ നട്ടെല്ല് ഊരിത്തരാം… പോർക്കളത്തിലെ വെല്ലുവിളിക്ക് വാലിബൻ നൽകുന്ന മറുപടിയാണിത്. നിന്നെ കിടത്തി വലിച്ചുകൊണ്ടു പോകാൻ കുറച്ച് പനയോല വെട്ടിവെയ്ക്കാൻ പറഞ്ഞിട്ടുണ്ടെന്ന ഡയലോഗിനാണ് മറുപടി.
രാവിലെ ആറ് മണി മുതലാണ് വാലിബൻ പ്രദർശനം ആരംഭിക്കുന്നത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ഒരുമിക്കുന്നതിനാൽ ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകരും ആവേശത്തിലായിരുന്നു.
Discussion about this post