തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്‌ഐക്കാർ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പരാതി ഗൗരവത്തോടെയെടുക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.
പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്‌ഐക്കാർ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. അടുത്ത മാസം ആദ്യവാരം അദ്ദേഹം ഡൽഹിയിലേക്ക് പോകുന്നുണ്ട്. അപ്പോൾ ആഭ്യന്തര സെക്രട്ടറിയെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കും. നിലവിൽ ആഭ്യന്തര മന്ത്രാലയം സർക്കാരിൽ നിന്നും റിപ്പോർട്ട് തേടിയിട്ടില്ല. എന്നാൽ തുടർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന.
രാവിലെ കൊട്ടാരക്കരയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായരുന്നു എസ്എഫ്‌ഐക്കാർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞത്. കരിങ്കൊടിയുമായി അദ്ദേഹത്തിന്റെ വാഹനത്തിന് നേർക്ക് എസ്എഫ്‌ഐക്കാർ ചാടി വീഴുകയായിരുന്നു. ഇത് കണ്ട ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി വഴിയരികിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
എസ്എഫ്‌ഐക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് 17 പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 144, 147, 124, 353 എന്നീ വകുപ്പുകളാണ് എസ്എഫ്‌ഐക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
Discussion about this post