ആശുപത്രിയിലെ ശസ്ത്രക്രിയ രംഗങ്ങൾ നമുക്ക് സുപരിചിതമാണ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും നിരവധി തവണ ഓപ്പറേഷൻ തിയറ്ററിനകത്തെ രംഗങ്ങൾ നാം കണ്ടുകാണും. നമ്മളിൽ ചിലർക്ക് ആകട്ടെ ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടതായും വന്നിരിക്കാം. ശസ്ത്രക്രിയയുടെ രംഗങ്ങൾ കാണുമ്പോൾ നമ്മുടെയെല്ലാവരുടെയും മനസ്സിൽ ചിലപ്പോൾ ഒരു ചോദ്യം ഉയർന്നുവന്നേക്കാം. എന്തുകൊണ്ടാണ് ഓപ്പറേഷൻ തിയറ്ററുകളിൽ ഡോക്ടർ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത്?. ഇതിനെന്തെങ്കിലും കാരണം ഉണ്ടോ?. എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ് ഇനി പറയാൻ പോകുന്നത്.
ഓപ്പറേഷൻ തിയറ്ററുകൾ എല്ലായ്‌പ്പോഴും ഇരുട്ടു മുറികൾ ആയിരിക്കും. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്തുന്നവരുടെ കാഴ്ച സുഗമമാക്കുന്നതിന് വേണ്ടിയാണ് പച്ച നിറം ഉപയോഗിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രങ്ങളും ശസ്ത്രക്രിയ മുറികളിൽ ധരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇത് മാത്രമല്ല ഓപ്പറേഷൻ തിയറ്ററുകളിലെ പിരിമുറുക്കം കുറയ്ക്കാനും ഈ നിറങ്ങൾ സഹായിക്കും.
ഓപ്പറേഷൻ സമയത്ത് സർജന്റെ ശ്രദ്ധ കൂടുതലായും ചുവപ്പ് നിറത്തിനോട് ആയിരിക്കും. പച്ചയും നീലയുമെല്ലാം ചുവപ്പിന്റെ വിപരീത നിറങ്ങളാണ്. അതുകൊണ്ട് തന്നെ ചുവപ്പിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു പരിധിവരെ തടയാൻ ഇത് സഹായിക്കുന്നു. കണ്ണിന് ആയാസം നൽകുന്ന നിറം കൂടിയാണ് പച്ച. അതിനാൽ ഡോക്ടർമാർക്ക് കണ്ണിനുണ്ടാകുന്ന സമ്മർദ്ദം പരിഹരിക്കപ്പെടുകയും ചെയ്യുന്നു.
1914 മുതലാണ് ഡോക്ടർമാർ ഓപ്പറേഷൻ മുറികളിൽ പച്ച വസ്ത്രങ്ങൾ ധരിക്കാൻ ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇതിന് മുൻപ് വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത്. എന്നാൽ രക്തക്കറയെ തുടർന്ന് വെള്ള വസ്ത്രങ്ങൾ എളുപ്പത്തിൽ കേടുവരുമായിരുന്നു. ഇതോടെയാണ് പച്ചവസ്ത്രങ്ങൾ ധരിക്കാൻ ആരംഭിച്ചത് എന്നാണ് വിവരം.
അതേസമയം ഡോക്ടർമാർ പച്ചവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല.
Discussion about this post