തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഉടൻ ആരംഭിക്കും. അടുത്താഴ്ച തന്നെ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എസ്എഫ്‌ഐഒ ശേഖരിച്ച് തുടങ്ങുമെന്നാണ് വിവരം. എക്‌സാലോജിക്, സിഎംആർഎൽ, കെഎസ്‌ഐഡിസി എന്നിവയിൽ നിന്നും അന്വേഷണ ഏജൻസി വിശദാംശങ്ങൾ ശേഖരിക്കുകയും, കമ്പനികളുടെ ഇടപാടുകൾ പരിശോധിക്കുകയും ചെയ്യും.
കേസിൽ അന്വേഷണം പൂർത്തിയാക്കി എട്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതേ തുടർന്നാണ് അതിവേഗത്തിൽ അന്വേഷണത്തിലേക്ക് കടക്കാനുള്ള എസ്എഫ്‌ഐഒയുടെ തീരുമാനം. കമ്പനികൾ ചട്ടം ലംഘിട്ട് സാമ്പത്തിക ഇടപാട് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിട്ടുണ്ട്. കമ്പനികൾ നടത്തിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ ആണ് എസ്എഫ്‌ഐഒ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരിക.
എക്‌സലോജിക്കുമായുള്ള ഇടപാടിന് പുറമെ, ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ സിഎംആർഎല്ലുമായി ബന്ധപെട്ട് പറയുന്ന ഇടപാടുകളിൽ അന്വേഷണം ഉണ്ടാകും. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നകാര്യവും അന്വേഷിക്കും.
എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറാക്ടാർ എം.അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോർപ്പറേറ്റ് ലോ സർവീസിലെ മുതിർന്ന ആറ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
Discussion about this post