കൊച്ചി; കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ സെക്ഷൻ 38,39 വകുപ്പുകളും IPC 120B വകുപ്പും തെളിഞ്ഞു. ഐഎസിൽ ചേർന്ന് പ്രവർത്തിക്കുക, തീവ്രസംഘടനയുടെ ആശയം പ്രചരിപ്പിക്കുക,ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ.
ചാവേറാക്രമണം നടത്താൻ സ്‌ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ 2019 ലാണ് റിയാസ് പിടിയിലായത്. കാസർകോട് ഐ.എസ്. കേസിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കർ എൻ.ഐ.എ.യുടെ പിടിയിലായത്.
കേരളത്തിൽ നിന്ന് അഫ്ഗാനിൽ പോയി ഐ.എസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എൻ.ഐയുടെ വാദം. അബ്ദുൽ റാഷിദിന്റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പും പ്രതിയുടെ ഫോണിൽ നിന്നും എൻ.ഐഎയ്ക്ക് ലഭിച്ചിരുന്നു. പ്രതിക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖും പിന്നീട് കേസിൽ മാപ്പ് സാക്ഷികളായി. അഡ്വ. ശ്രീനാഥായിരുന്നു കേസിലെ പ്രോസിക്യൂട്ടർ. പ്രതിക്കായി അഡ്വ. ബി.എ.ആളൂരും ഹാജരായി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.പ്രതിയുടെ ശിക്ഷാവിധിയിൽ നാളെ വാദം നടക്കും.
Discussion about this post