തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പിസി ജോഷി ബ്രിട്ടന് പാർട്ടി രഹസ്യങ്ങൾ ചോർത്തിക്കൊടുത്തിരുന്നെന്ന സത്യം പുതിയ കമ്യൂണിസ്റ്റുകാർക്ക് അറിയില്ലെന്ന് എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ രാമചന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിസി ജോഷി ദേശാഭിമാനിയെ പറ്റി ബ്രിട്ടന് നൽകിയ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ബ്രിട്ടീഷ് പണം കൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി ദേശാഭിമാനി തുടങ്ങിയത് എന്നതിനെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി ബ്രിട്ടന് പാർട്ടി രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുകയും അവരുടെ ഏജന്റ് ആയി പ്രവർത്തിക്കുകയും ചെയ്തു എന്ന സത്യം നവസാക്ഷര കമ്യൂണിസ്റ്റുകൾക്ക് അറിയില്ല. സ്വാതന്ത്ര്യസമരകാലത്ത് സായിപ്പിന്റെ എന്തും നക്കാൻ അന്ന് മാർക്‌സിസ്റ്റുകൾ തയ്യാറായിരുന്നു എന്നതാണ്, ചരിത്രം. എനിക്കറിയാവുന്ന, വായിക്കുന്ന സഖാക്കൾക്കൊക്കെ അറിയാവുന്ന കാര്യമാണിത്. എന്റെ ‘നക്ഷത്രവും ചുറ്റികയും’ എന്ന കമ്യൂണിസ്റ്റ് ചരിത്രത്തിൽ ഇത് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ദേശാഭിമാനി’ക്ക് ബ്രിട്ടൻ കാശ് കൊടുത്തോ?
____________________________________
കമ്യൂണിസ്റ്റ് പാർട്ടി, ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷ് പണം കൊണ്ട് എന്ന വിവാദം കൊഴുക്കുകയാണല്ലോ.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി ബ്രിട്ടന് പാർട്ടി രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുകയും അവരുടെ ഏജൻറ് ആയി പ്രവർത്തിക്കുകയും ചെയ്തു എന്ന സത്യം നവസാക്ഷര കമ്യൂണിസ്റ്റുകൾക്ക് അറിയില്ല. സ്വാതന്ത്ര്യസമരകാലത്ത് സായിപ്പിന്റെ എന്തും നക്കാൻ അന്ന് മാർക്‌സിസ്റ്റുകൾ തയ്യാറായിരുന്നു എന്നതാണ്, ചരിത്രം.
എനിക്കറിയാവുന്ന, വായിക്കുന്ന സഖാക്കൾക്കൊക്കെ അറിയാവുന്ന കാര്യമാണിത്. എന്റെ ‘നക്ഷത്രവും ചുറ്റികയും’ എന്ന കമ്യൂണിസ്റ്റ് ചരിത്രത്തിൽ ഇത് വിശദീകരിച്ചിട്ടുമുണ്ട്.
Gary K Bosch എഴുതിയ The Political Role of International Trades Unions എന്ന പുസ്തകത്തിൽ (Palgrave Macmillan UK, 1983, പേജ് 114) ഇത് നന്നായി രേഖപ്പെടുത്തി. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയൻ ആക്രമിക്കും വരെ സാമ്രാജ്യത്വത്തിന് എതിരായിരുന്ന സി പി ഐ, ഹിറ്റ്ലർ റഷ്യ ആക്രമിച്ചപ്പോൾ, അത് ജനകീയ യുദ്ധമായി കണ്ടു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഹാരി പോളിറ്റ്, ഇതനുസരിച്ച് നയം മാറ്റാൻ ഇന്ത്യൻ പാർട്ടിക്ക് കത്തയച്ചു. അന്നത്തെ സി സി, രാജസ്ഥാനിലെ ദിയോളി തടവറയിൽ ആയിരുന്നു. കത്ത്, ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ്വെൽ, തടവറയിൽ കൊണ്ടു പോയി കൈമാറി. ബ്രിട്ടനോടുള്ള എതിർപ്പ് മാറ്റുക, തൊഴിലാളി യൂണിയനുകളെ കൂടുതൽ ഉൽപാദനത്തിലേക്ക് തിരിച്ചു വിടുക എന്നീ നിർദ്ദേശങ്ങളാണ് കത്തിൽ ഉണ്ടായിരുന്നത്. ആ കത്ത് നൽകി പാർട്ടിയെ ബ്രിട്ടൻ പ്രഹരിച്ചു.
നാണമില്ലാത്ത പാർട്ടി, ആ നിർദേശം കൈക്കൊണ്ടു. പാർട്ടിക്ക് മേലുള്ള നിരോധനം ബ്രിട്ടൻ നീക്കി. ഇനി, ബോഷിന്റെ വാക്കുകളിൽ:
The British government in India made a pact with the CPI and released the communists from detention. It made the communist party legal and encouraged the Communists to take control of the trade unions from the militant Congress unionists. The British made money and supplies available to the CPI to start papers and journals in India; the largest was the English-language People’s War.
(ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ സി പി ഐ യുമായി സന്ധിയുണ്ടാക്കി തടവിൽ നിന്ന് സഖാക്കളെ മോചിപ്പിച്ചു. പാർട്ടി നിയമവിധേയമായി. ബ്രിട്ടൻ തൊഴിലാളി യൂണിയൻ നേതൃത്വം തീവ്ര കോൺഗ്രസ് യൂണിയൻ നേതാക്കളിൽ നിന്ന് കവരാൻ കമ്യൂണിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചു. സി പി ഐ യ്ക്ക് പത്രങ്ങളും മാസികകളും തുടങ്ങാൻ ബ്രിട്ടൻ പണം നൽകി. അതിൽ വലുത്, ഇംഗ്ലീഷിലുള്ള ‘പീപ്പിൾസ് വാർ’ ആയിരുന്നു.)
ഈ ഔദാര്യത്തിന് തിരിച്ച് പാർട്ടി എന്ത് കൊടുത്തു? ബോഷ് എഴുതുന്നു:
P C Joshi and Sir Reginald Maxwell formed an alliance with the CPI Politburo which placed at the disposal of the Government of India the services of the CPI and the AITUC. The British Army Intelligence Department set up a separate section to liaise with the Indian Communists and the CID to provide information on planned strikes by the nationalists and to provide blacklists of nationalist agitators. The communists even offered to provide troupes to entertain conscripted soldiers fighting in Burma.
(പി സി ജോഷിയും റെജിനാൾഡ് മാക്‌സ്വെലും പൊളിറ്റ് ബ്യുറോയുമായി സഖ്യമുണ്ടാക്കി, പാർട്ടി, എ ഐ ടി യു സി സേവനം ബ്രിട്ടീഷ് സർക്കാരിന് കിട്ടും വിധം സംവിധാനമുണ്ടാക്കി. ബ്രിട്ടീഷ് സൈനിക ചാരസംഘടന ഇന്ത്യൻ കമ്യൂണിസ്റ്റുകളും സി ഐ ഡി യുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രത്യേക വിഭാഗമുണ്ടാക്കി. ദേശീയവാദികൾ ആസൂത്രണം ചെയ്യുന്ന ആക്രമണങ്ങളെപ്പറ്റി വിവരം നൽകുക, ദേശീയ നേതാക്കളുടെ കരിമ്പട്ടിക ഉണ്ടാക്കുക എന്നിവയായിരുന്നു, പണി. ബർമയിൽ പോരാടുന്ന ഭടന്മാർക്ക് വിനോദം നൽകാൻ കലാസംഘങ്ങളെ അയയ്ക്കാനും പാർട്ടി തയ്യാറായി).
അന്നത്തെ ‘പീപ്പിൾസ് വാർ’ പാർട്ടി പത്രമായിരുന്നില്ല; ബ്രിട്ടീഷുകാർ സ്‌പോൺസർ ചെയ്ത രാജ്യവിരുദ്ധ പ്രസിദ്ധീകരണം ആയിരുന്നു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിക്ക് വേണ്ടി മാർക്‌സിസ്റ്റുകൾ ഇറക്കുന്ന പ്രസിദ്ധീകരണം. പാർട്ടി പി ബി മൊത്തത്തിൽ ചാരന്മാരായ കെട്ടകാലം. ഡി എൻ ഗുപ്ത, Communism and Nationalism in Colonial India, 1939-45 (Sage, 2008) എന്ന പുസ്തകത്തിൽ എഴുതുന്നു:
The Communists not only decided to extend their unstinted support to the government in its efforts to solve the food crisis but also took a soft line towards the lapses of the government and its bureaucracy on this issue.’
(കമ്യൂണിസ്റ്റുകൾ, ഭക്ഷ്യക്ഷാമം പരിഹരിക്കാൻ സർക്കാരിന് നിരന്തര പിന്തുണ നൽകാൻ തീരുമാനിച്ചു എന്ന് മാത്രമല്ല, ഇക്കാര്യത്തിൽ സർക്കാർ വരുത്തിയ പിഴവുകൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്തു.) ബംഗാൾ ക്ഷാമത്തിൽ ആയിരങ്ങൾ കൂട്ടമരണം വരിച്ചപ്പോഴും മാർക്‌സിസ്റ്റുകൾ മിണ്ടിയില്ല.
1943 മാർച്ച് 15 ന് ജോഷി, ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്‌സ്വെല്ലിന്, ബ്രിട്ടന് വേണ്ടി എന്തും ചെയ്യാം എന്ന് തെളിയിച്ച് അയച്ച കത്ത് ഇപ്പോൾ കുപ്രസിദ്ധമാണ്. ആ കത്തിനൊപ്പം വിശദമായ റിപ്പോർട്ട് ഉൾക്കൊള്ളിച്ചിരുന്നു. അതിൽ, ‘ദേശാഭിമാനി’യെപ്പറ്റി ഇങ്ങനെ പറയുന്നു:
‘ദേശാഭിമാനി ആദ്യലക്കം സെപ്റ്റംബർ ആറിന് പുറത്തു വന്നു. ഇപ്പോൾ ഒരു മാസമായി. ഇപ്പോൾ 5600 കോപ്പി പ്രചാരമുണ്ട്. പ്രചാരം കൂടുന്നത് ഞങ്ങളുടെ ജനസ്വാധീനത്തിന് തെളിവാണ്.’
മെത്രാന്മാർ മാർപ്പാപ്പയ്ക്ക് കത്തെഴുതും പോലെയാണ്, ജോഷി എഴുതിയിരിക്കുന്നത്. വളരെ ദീർഘമായി, ബ്രിട്ടന് വേണ്ടി ചെയ്തതൊക്കെ വിവരിച്ചിരിക്കുന്നു. മുതലാളിയോട്, അടിമ പറയും പോലെ.
Discussion about this post