തിരുവനന്തപുരം: കേരളഗാനവിവാദത്തിൽ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ വിമർശനവുമായി എഴുത്തുകാരനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ രാമചന്ദ്രൻ. ഒരാൾ കുറ്റം ഏറ്റെടുക്കുമ്പോൾ, ‘എനിക്ക് പങ്കില്ലാത്ത’ എന്ന് ചേർത്താൽ അത് ഏറ്റെടുക്കൽ അല്ല; ഞാനല്ല കുറ്റവാളി എന്ന് വിളിച്ചു കൂവലാണെന്ന് അദ്ദേഹം തുറന്നടിച്ചു. സെൻ ബുദ്ധിസത്തിൽ നിന്നും ബൈബിളിൽ നിന്നും പഠിച്ചു എന്ന് പറയുമ്പോൾ, ഹിന്ദുമതത്തിൽ നിന്ന് ഒന്നും പഠിച്ചില്ല എന്നാണ് അർത്ഥം. അതിൽ നിന്ന് അദ്വൈതം പഠിച്ചിരുന്നെങ്കിൽ, ഈ വിഡ്ഢിവേഷം കെട്ടേണ്ടി വരില്ലായിരുന്നു.
ബുദ്ധമതത്തിൽ നിന്ന് ഞാൻ പഠിച്ചു എന്ന് സച്ചി പറയുന്നതിന് അർത്ഥം, ബുദ്ധമതത്തിൽ ചേർന്ന ചുള്ളിക്കാട് അതിൽ നിന്ന് ഒന്നും പഠിച്ചില്ല. ക്ഷമ ഒട്ടും പഠിച്ചില്ല എന്നാണെന്നും അദ്ദേഹേം ഫേസ്ബുക്കിൽ കുറിച്ചു. ചുള്ളിക്കാടിന്റെ അടുത്ത് ബുദ്ധമതം വിൽക്കുന്നത് കൊല്ലന്റെ ആലയിൽ സൂചി വിൽക്കുന്നതുപോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ചുള്ളിക്കാടിനെ സച്ചി ബുദ്ധമതം പഠിപ്പിക്കും
—————————————————
കുറ്റങ്ങൾ ഏറ്റെടുക്കുന്നതായി ഭാവിച്ച്, ആഗോള മലയാള പദ്യകാരൻ സച്ചിദാനന്ദൻ പറഞ്ഞിരിക്കുന്നു: ‘ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും.’
ഒരാൾ കുറ്റം ഏറ്റെടുക്കുമ്പോൾ, ‘എനിക്ക് പങ്കില്ലാത്ത’ എന്ന് ചേർത്താൽ അത് ഏറ്റെടുക്കൽ അല്ല; ഞാനല്ല കുറ്റവാളി എന്ന് വിളിച്ചു കൂവലാണ്. ഒരു സ്ഥാപനത്തിന് മുകളിൽ ഇരിക്കുന്നയാൾ അവിടെ നടക്കുന്നതിനൊക്കെ ഉത്തരവാദിയാണ്. അങ്ങനെയാണ്, കേസ് അന്വേഷണങ്ങളിൽ മേധാവി കുടുങ്ങുന്നത്.
രണ്ടാമതായി, സെൻ ബുദ്ധിസത്തിൽ നിന്നും ബൈബിളിൽ നിന്നും പഠിച്ചു എന്ന് പറയുമ്പോൾ, ഹിന്ദുമതത്തിൽ നിന്ന് ഒന്നും പഠിച്ചില്ല എന്ന് അർത്ഥം. അതിൽ നിന്ന് അദ്വൈതം പഠിച്ചിരുന്നെങ്കിൽ, ഈ വിഡ്ഢിവേഷം കെട്ടേണ്ടി വരില്ലായിരുന്നു. ‘ബുദ്ധമതത്തിൽ നിന്ന് ഞാൻ പഠിച്ചു’ എന്ന് സച്ചി പറയുന്നതിന് അർത്ഥം, ബുദ്ധമതത്തിൽ ചേർന്ന ചുള്ളിക്കാട് അതിൽ നിന്ന് ഒന്നും പഠിച്ചില്ല, ക്ഷമ ഒട്ടും പഠിച്ചില്ല എന്നാണ്.
അമേരിക്കൻ സെൻ ബുദ്ധമത എഴുത്തുകാരൻ ബ്രാഡ് വാർണർ എഴുതുന്നത്, ബുദ്ധമതത്തിൽ പാപം എന്നൊരു ആശയമേ ഇല്ല എന്നാണ്. അപ്പോൾ പിന്നെന്തിന് ഈ മഹാകവി, മറ്റുള്ളവർ ചെയ്ത പാപം ഏറ്റെടുത്ത് സന്യാസി ആയി ഭാവിക്കുന്നത്?
രണ്ടു മലയാളി പദ്യകാരന്മാർ ഇടക്കിടെ പദ്യത്തിൽ ബുദ്ധൻ എന്നെഴുതിക്കാണാറുണ്ട്. കെ ജി ശങ്കരപ്പിള്ളയുടെ പദ്യം കണ്ടാൽ, ഞാൻ ആകെ ചെയ്യുക, ബുദ്ധൻ എന്ന വാക്ക് എവിടെ എന്ന് നോക്കലാണ്. ഇവരൊക്കെ ബാലനെക്കാൾ നന്നായി, ഒരുപക്ഷെ ബുദ്ധനെക്കാൾ നന്നായി, ബുദ്ധമതം പഠിച്ചവരായിരിക്കും.
ബുദ്ധനെ ഹിന്ദുമതത്തിൽ നിലനിർത്തിയ മഹാനായ കവി നമുക്കുണ്ട് -കുമാരനാശാൻ.
ചുള്ളിക്കാട് ബുദ്ധമതത്തിൽ ചേർന്ന ശേഷം, ഗുരു ചോദിച്ചു: ‘ആരെങ്കിലും ബുദ്ധമതത്തെ ആക്ഷേപിച്ചാൽ നീ എന്ത് ചെയ്യും?’
‘ഞാൻ പ്രതിരോധിക്കും,’ ബാലൻ പറഞ്ഞു.
‘അത് മാത്രം ചെയ്യരുത്,’ ഗുരു പറഞ്ഞു, ‘ആരുടെയും സഹായമില്ലാതെ 2000 കൊല്ലം ബുദ്ധൻ നിലനിന്നു. അതിനാൽ, ആരെങ്കിലും ആക്ഷേപിച്ചാൽ മിണ്ടാതിരിക്കണം.’
സച്ചി നക്‌സൽ ആയിരുന്ന കാലത്ത്, സായുധ വിപ്ലവത്തെപ്പറ്റി വാചാലനാകുന്ന സമയത്ത്, ധാരാളം ആയുധം കണ്ട പട്ടാളക്കാരനായ കോവിലൻ ചോദിച്ചു: ‘ആ വിപ്ലവത്തിന് ഏത് ആയുധമാണ് ഉപയോഗിക്കുക എന്ന് പറയാമോ?’
അപ്പോൾ, സായുധവിപ്ലവത്തെപ്പറ്റി താൻ വായിച്ച പുസ്തകങ്ങളുടെ പട്ടിക സച്ചി, കോവിലന് അയച്ചു കൊടുത്തു. അങ്ങനെ, അദ്ദേഹത്തെ ആയുധം പ്രയോഗിക്കാൻ പരിശീലിപ്പിച്ചു. അതു പോലെയാണ്, ഇപ്പോൾ ചുള്ളിക്കാടിന്റെ അടുത്ത് ബുദ്ധമതം വിൽക്കുന്നത്. കൊല്ലന്റെ ആലയിൽ തന്നെ സൂചി വിൽക്കണം.
Discussion about this post