മുംബൈ: നല്ല പ്രൊജക്ടുകൾ വന്നാൽ മലയാളത്തിലും അഭിനയിക്കുമെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. ഒടിടി റിലീസിനെത്തുന്ന ‘പോച്ചർ’ എന്ന സീരിസിന്റെ ട്രെയിലർ ലോഞ്ചിന് ശേഷം കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ചയിലായിരുന്നു താരത്തിന്റെ പ്രതികരണം. മലയാള സിനിമകളെ കുറിച്ചും താരങ്ങളെ കുറിച്ചും മികച്ച അഭിപ്രായമാണ് താരം പങ്കുവച്ചത്.
നിമിഷ, റോഷൻ തുടങ്ങിയ ഈ സീരിസിൽ അഭിനയിച്ചവർ അതിഗംഭീര കഴിവുകൾ ഉള്ള അഭിനേതാക്കളാണ്. സീരിസ് കണ്ടതിന് പിന്നാലെ നിമിഷയുടെ അടക്കം ചിത്രങ്ങൾ താൻ വീണ്ടും കണ്ടു. മലയാളത്തിൽ മികച്ച കണ്ടന്റുകളാണ് വരുന്നത്. റോഷനുമായി നേരത്തെ ഡാർലിംഗ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും ആലിയ കൂട്ടിച്ചേർത്തു.
കേരളത്തിലാണ് സീരിസിലെ കഥ നടക്കുന്നത്. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 ൽ അധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ സീരീസ് പ്രേക്ഷകരിലേക്കെത്തും. സീരിസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് ആലിയ. ആലിയയുടെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസാണ് സീരിസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡക്ഷൻ. ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച് ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവരാണ് നിർമ്മാണം. എട്ട് ഭാഗങ്ങാണ് സീരീസിനുള്ളത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സീരീസിൽ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണ് പുറത്ത് കൊണ്ടുവരുന്നത്. ഡൽഹി ക്രൈം എന്ന സീരിസിന് ശേഷം എമ്മി അവാർഡ് ജേതാവ് റിച്ചി മേത്ത ഒരുക്കുന്ന സീരിസാണ് പോച്ചർ.
Discussion about this post