വയനാട്/ ന്യൂഡൽഹി: ഭാരത് ജോഡോ നയാ യാത്രയ്ക്ക് നിർത്തിവച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പുൽപ്പള്ളിയിൽ ശക്തമായ പൊതുജനപ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ജില്ലയിൽ എത്തുന്നത്. ഇന്ന് വൈകീട്ടോടെ രാഹുൽ കേരളത്തിലേക്ക് തിരിക്കും.
കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഭാരത് ജോഡോ നയാ യാത്ര ഉത്തർപ്രദേശിലാണ് പുരോഗമിക്കുന്നത്. പരിപാടി താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. നിലവിൽ വയനാട്ടിൽ രാഹുലിന്റെ സാന്നിദ്ധ്യം ആവശ്യമാണ്. വാരാണസിയിൽ നിന്നും വൈകീട്ട് അഞ്ച് മണിയ്ക്ക് അദ്ദേഹം കേരളത്തിലേക്ക് തിരിക്കും. സന്ദർശനത്തിന് ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തും. ഞായറാഴ്ച പ്രയാഗ്‌രാജിൽ നിന്നും പരിപാടി ആരംഭിക്കുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ജില്ലയിൽ വന്യജീവി ആക്രമണങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പോലീസും അധികൃതരും എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണുന്നില്ല.
വന്യജീവി ആക്രമണത്താൽ ജനങ്ങൾ പൊറുതിമുട്ടിയിട്ടും സ്വന്തം മണ്ഡലത്തിൽ എത്താത്ത രാഹുലിനെതിരെ ശക്തമായ പ്രതിഷേധം മുൻ ദിവസങ്ങളിൽ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്.
Discussion about this post