വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കുറുവാ ദ്വീപിലെ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. ആശ്രമക്കൊല്ലിയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐരക്കുടി സ്വദേശി എൽദോസിന്റെ പശുക്കിടാവിന് നേരെയായിരുന്നു ആക്രമണം. പശുക്കിടാവിനെ കടിച്ചെടുത്ത് ഓടിയ കടുവ ചാണകക്കുഴിയിൽ വീഴുകയായിരുന്നു. പശുക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങി ബഹളംവച്ചതോടെ കടുവ തോട്ടത്തിലേക്ക് ഓടിപ്പോയി.
സംഭവം അറിഞ്ഞ് വനംവകുപ്പ് ജീവനക്കാർ സ്ഥലത്ത് എത്തി. എൽദോസിന്റെ വീടിന്റെ പരിസരത്തും മറ്റും കടുവയുടെ കാൽപാടുകൾ സമീപത്ത് പതിഞ്ഞിട്ടുണ്ട്. ഈ വീടിൻറെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കടിച്ച് കൊന്നത്. കടുവയുടെ ആക്രമണത്തിൽ പശുക്കിടാവിന് പരിക്കുണ്ട്.
ഇതിനിടെ പ്രദേശവാസിയായ യുവാവ് കടുവയ്ക്ക് മുന്നിൽപെട്ടിരുന്നു. ബൈക്കിൽ പോകുന്നതിനിടെ ആയിരുന്നു പ്രദേശവാസിയായ അനീഷ് കടുവയ്ക്ക് മുൻപിൽ എത്തിയത്. കടുവയെ കണ്ട ഉടനെ യുവാവ് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷ് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post