തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ട് പോയി. വിവിധഭാഷാ തൊഴിലാളികളുടെ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ ആണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഹൈദാരാബാദ് എൽ പി നഗർ സ്വദേശികളാണ് ഇവർ. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് രണ്ട് വയസ്സുകാരി. റെയിൽവേ സ്റ്റേഷന് സമീപമാണ് ഇവരുടെ താമസം. രാത്രി സഹോദരങ്ങൾക്കൊപ്പമാണ് പെൺകുട്ടി ഉറങ്ങാൻ കിടന്നത്. എന്നാൽ പിന്നീട് നോക്കിയപ്പോൾ പെൺകുട്ടിയെ കാണാതെ ആകുകയായിരുന്നു.
പരിസരത്ത് കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രാത്രി ആക്ടീവ സ്‌കൂട്ടർ സ്ഥലത്ത് എത്തിയതായി ദമ്പതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ട് വയസ്സുകാരിയുൾപ്പെടെ നാല് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.
ഹൈദ്രബാദമേരി എന്നാണ് കുഞ്ഞിന്റെ പേര്. കുട്ടിയ്ക്കായി നഗരത്തിൽ പോലീസ് ഊർജ്ജിത അന്വേഷണാണ് നടത്തുന്നത്. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിവരികയാണ്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post