തിരുവനന്തപുരം: കടുത്ത ചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും വരും ദിവസങ്ങളിലും താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കനത്ത ചൂട് അനുഭവപ്പെടുന്ന മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട് താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രവചനം. സാധാരണയെക്കാൾ താപനിലയിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താനാണ് സാദ്ധ്യത. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെട്ടിരുന്നു.
ചൂട് കനക്കുന്ന സാഹചര്യത്തിൽ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് ശരീരത്തിൽ വെയിൽ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിയ്ക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ള വസ്ത്രവും വേണം വേനൽകാലത്ത് ധരിക്കാൻ. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post