തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി ഷെമീറയ്ക്ക് നൽകിയിരുന്നത് അക്യുപംഗ്ചർ ചികിത്സയാണെന്നാണ് പോലീസ് പറയുന്നത്. ഈ ചികിത്സ നൽകിയത് വ്യാജ ഡോക്ടറാണെന്നും സൂചനയുണ്ട്.
ഭർഭിണിയാണെന്ന് വ്യക്തമായതോടെ ഷെമീറയ്ക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ കുടുംബശ്രീ പ്രവർത്തകരും മറ്റും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഭർത്താവ് നയാസ് ആധുനിക ചികിത്സ നൽകാൻ വിസമ്മതിയ്ക്കുകയായിരുന്നു. അയൽവാസികൾ ഉൾപ്പെടെ ഷെമീറയ്ക്ക് ചികിത്സ നൽകാൻ നിയാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവരോട് നിയാസ് കയർക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ബീമാപള്ളിയിൽ ക്ലിനിക്ക് നടത്തുന്ന വെഞ്ഞാറമ്മൂട് സ്വദേശി ശിഹാബാണ് യുവതിയെ ചികിത്സിച്ചിരുന്നത്.
ഷെമീറയുടെ മൂന്നാമത്തെ പ്രസവമാണ് ഇത്. കഴിഞ്ഞ രണ്ട് പ്രവസവവും സിസേറിയൻ ആയിരുന്നു. മൂന്നാമതും ഗർഭിണി ആയതോടെ പ്രസവം വീട്ടിൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. നയാസിന്റെ രണ്ടാമത്തെ ഭാര്യയാണ് ഷെമീറ. അയൽക്കാരുമായി സംസാരിക്കാൻ പോലും ഷെമീറയെ നയാസ് അനുവദിച്ചിരുന്നില്ലെന്നാണ് വിവരം.
അതേസമയം സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. നയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്.
Discussion about this post