തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിക്കുന്നതിനിടെ യുവതി രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിനെതിരെ കർശന നടപടിയെടുക്കാൻ പോലീസ്. നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. മരിച്ച പാലക്കാട് സ്വദേശിനി ഷെമീറ ബീവിയ്ക്ക് നയാസ് ചികിത്സ നിഷേധിച്ചതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്നാണ് നടപടി.
നിലവിൽ നയാസ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. ഷെമീറയ്ക്ക് ആധുനിക ചികിത്സ നൽകാൻ ആരോഗ്യപ്രവർത്തകരും അയൽവാസികളും മറ്റും നയാസിനോട് പറഞ്ഞിരുന്നു. എന്നാൽ നയാസ് യുവതിയ്ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. ഗർഭിണിയായിരിക്കെ അക്യുപംഗ്ചർ ചികിത്സയാണ് നൽകിയിരുന്നത്.
സംഭവം വലിയ വാർത്തയായതിന് പിന്നാലെ ഷെമീറയോട് കാണിച്ചത് ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ട് ആരോഗ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നരഹത്യാകുറ്റം ചുമത്താൻ തീരുമാനിച്ചത്.
ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണ് യുവതിയെ ചികിത്സിച്ചത്. ഇയാൾ വ്യാജനാണെന്നാണ് വിവരം. ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യം അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post