എറണാകുളം: വീട്ടിലിരുന്ന് പണം നേടാമെന്ന് പറഞ്ഞ് വരുന്ന ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നഇകിയിരിക്കുന്നത്. മൊബൈലുകളിലേക്ക് സന്ദേശമയച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്നും പേജിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.
തുടക്കത്തിൽ ചെറിയ ടാസ്‌ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Discussion about this post