മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലിയാണ് അറസ്റ്റിലായത്. നേരത്തെയും പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
17 കാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖ് അലിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കുറ്റം തെളിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കും. വാഴക്കാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്. അദ്ധ്യാപകൻ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വീട്ടുകാരോട് നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുരോഗമിക്കുന്നതിനിടെ ആയിരുന്നു പെൺകുട്ടിയുടെ മരണം.
പരാതി നൽകിയതിന് പിന്നാലെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയിൽ നിന്നും മൊഴി എടുക്കാൻ പോലും പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കണ്ടെടുക്കുമ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.












