മലപ്പുറം: ചാലിയാർ പുഴയിൽ നിന്നും 17 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ദൃക്‌സാക്ഷികൾ. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നതും മൃതദേഹം കാണേണ്ട സമയം ആകാതിരുന്നതുമാണ് സംശയം ഉണർത്തുന്നത്. സംഭവത്തിൽ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
മൃതദേഹം കാണുമ്പോൾ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പെൺകുട്ടി ചാടി ആത്മഹത്യ ചെയ്തതാണ് എങ്കിൽ വസ്ത്രങ്ങൾ കാണുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മുട്ടോളം വെള്ളത്തിലാണ് മൃതദേഹം കിടന്നിരുന്നത്. ഇവിടെ മുങ്ങിമരിച്ചുവെന്നത് പറയുന്നത് അവിശ്വസനീയമാണ്. മൃതദേഹം വെള്ളത്തിന് മുകളിലായി പൊന്തിവരാനുള്ള സമയം ആയിട്ടില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അതുകൊണ്ടുതന്നെ കൊലപാതകം ആണെന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു 17 കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്. പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതെ ആയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിനിടെയാണ് പുഴയിൽ മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്. കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലികുട്ടിയെ ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post