തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. രാവിലെ 10.30 ഓടെയാകും അദ്ദേഹം പ്രത്യേക ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളപദയാത്രയുടെ സമാപന സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി ഇന്ന് വൈകീട്ട് മടങ്ങും.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല വരവേൽപ്പാണ് ബിജെപി പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും ആദ്ദേഹം ആദ്യം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. ഇവിടെ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കും. ഇതിന് ശേഷം ഉച്ചയോടെ മോദി സെൻട്രൽ സ്‌റ്റേഡിയത്തിൽ എത്തും. കേരള പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിലാണ്. ഇതിൽ പങ്കെടുത്ത ശേഷം അദ്ദേഹം വൈകീട്ട് നാല് മണിയോടെ തമിഴ്‌നാട്ടിലേക്കാണ് മടങ്ങുക.
ഈ വർഷം ആദ്യമായിട്ടാണ് മോദി തലസ്ഥാന നഗരിയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ വരവ് പ്രമാണിച്ച് നഗരത്തിൽ കട്ടൗട്ടുകളും പോസ്റ്ററുകളും ബാനറുകളുമെല്ലാം സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലും അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പുലർച്ചെ അഞ്ച് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഗതാഗത നിയന്ത്രണം. എയർപോർട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ഓൾസെയിൻസ് – പേട്ട – ആശാൻ സ്‌ക്വയർ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളിൽ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കില്ല.
Discussion about this post