വയനാട്: പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ എസ്എഫ്‌ഐക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പിതാവ് ജയപ്രകാശ്. മൂന്ന് ദിവസം പട്ടിണിക്കിട്ട് മകനെ അതിക്രൂരമായി മർദ്ദിച്ചു. പത്ത് ദിവസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടിക്കാൻ പോലീസിന് കഴിഞ്ഞില്ല. രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണ് പ്രതികളെ പിടിക്കാത്തതെന്നും സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കി.
‘മകൻ മരിച്ച ദിവസം കോളേജിൽ നിന്നും കുറച്ച് കുട്ടികൾ വന്നിരുന്നു. ചില കാര്യങ്ങൾ സംസാരിക്കണമെന്ന് പറഞ്ഞു. സിദ്ധാർത്ഥിനെ എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ചേർന്ന് മർദ്ദിച്ച് കൊന്നതാണെന്ന് പറഞ്ഞു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ തലവെട്ടുമെന്ന് യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞിരുന്നു. ഇക്കാര്യം പുറത്ത് പറയരുതെന്ന് കോളേജ് അധികൃതരും വിലക്കിയതായും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു’- ജയപ്രകാശ് പറഞ്ഞു.
മകൻ ആത്മഹത്യ ചെയ്യില്ല. അവനെ മർദ്ദിച്ച് കൊന്നതാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾ അത് വ്യക്തമായി. ശരീരത്തിൽ മുഴുവൻ മർദ്ദനത്തിന്റെ പാടുകളും ചതവുകളും ഉണ്ടായിരുന്നു. ആമാശയം മുഴുവൻ കാലിയായിരുന്നു. മൂന്ന് ദിവസത്തോളം ഭക്ഷണം കൊടുത്തിട്ടില്ല. പ്രതികളെല്ലാം എസ്എഫ്‌ഐക്കാർ ആണ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ചെയർമാനും ഇക്കൂട്ടത്തിലുണ്ട്. എസ്എഫ്‌ഐക്കാർ ആയതുകൊണ്ട് അവരെ സംരക്ഷിക്കേണ്ട ചുമതല പാർട്ടിയുടേതാണല്ലോ. പ്രതികളെല്ലാം ഒളിവിലാണ്. പത്ത് ദിവസമായിട്ടും ഇവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ഇടപെടൽ നടന്നിട്ടുണ്ട്. അതുകൊണ്ടാണ് പോലീസ് പ്രതികളെ പിടികൂടാത്തത്. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കി.
ബന്ധപ്പെട്ട എല്ലാവർക്കും പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ കോൾ റെക്കോർഡ് ഉൾപ്പെടെയുള്ള തെളിവുകളെല്ലാം കയ്യിലുണ്ട്. ഇനി ഒരു കോളേജിലും ഒരു കുട്ടിക്കും മാതാപിതാക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും പിതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ 18നായിരുന്നു നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 12 വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു. പോസ്റ്റുമോർട്ടത്തിൽ മൃതദേഹത്തിൽ രണ്ട് ദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിരുന്നു.
Discussion about this post