കൊൽക്കത്ത: സന്ദേശ്ഖാലി കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ ഷെയ്ഖ് ഷാജഹാൻ മമതാ പോലീസിന്റെ സുരക്ഷിത കരങ്ങളിലെന്ന് പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. എക്‌സിലൂടെയായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. കസ്റ്റഡിയിൽ ടിഎംസി നേതാവിന് ഫൈവ് സ്റ്റാർ സൗകര്യങ്ങളാകും ലഭിക്കുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘സന്ദേശ്ഖാലിയിലെ തെമ്മാടി ഷെയ്ഖ് ഷാജഹാൻ ഇന്നലെ രാത്രി 12 മണി മുതൽ മമതാ പോലീസിന്റെ സുരക്ഷിതമായ കരങ്ങളിലുണ്ട്. മമതാ പോലീസുമായുള്ള ഷെയ്ഖിന്റെ കൂടിയാലോചനകൾക്കൊടുവിൽ പോലീസ് ബർമാജൂർ ഗ്രാമപഞ്ചായത്തിൽ നിന്നും തൃണമൂൽ നേതാവിനെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. പോലീസിന്റെയും ജുഡീഷ്യൽ കസ്റ്റഡിയിലും ഷെയ്ഖിനെ വേണ്ട രീതിയിൽ ശ്രദ്ധിച്ചുകൊള്ളാമെന്ന് അധികാരികൾ ഉന്നതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്’- സുവേന്ദു അധികാരി എക്‌സിൽ കുറിച്ചു.
കസ്റ്റഡിയിൽ ടിഎംസി നേതാവിന് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. മൊബൈൽ ഫോൺ കയ്യിലുണ്ടാകും. കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് തന്നെ ഷെയ്ഖ് ഷാജഹാൻ പാർട്ടി ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെയ്ഖ് ഷാജഹാനെ സന്ദേശ്ഖാലി കേസിൽ ഉൾപ്പെടുത്താൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല എന്നും അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഫെബ്രുവരി 26ന് കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.
ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്റെ അടുത്ത സഹായികളും ഭൂമി തട്ടിയെടുക്കലിലും ലൈംഗികാതിക്രത്തിലും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ ആഴ്ചകളായി പ്രക്ഷോഭത്തിലാണ്. ഒരു മാസത്തിലേറെയായി സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ അറസ്റ്റിൽ നിന്ന് ഷെയ്ഖ് ഷാജഹാൻ ഒളിച്ചു കഴിയുകയായിരുന്നു. സംസ്ഥാന ഏജൻസികൾ ഷാജഹാൻ ഷെയ്ഖിനെ സംരക്ഷിക്കുന്നതിൽ ബിജെപി വലിയ പ്രതിഷേധങ്ങൾ ആണ് നടത്തി വരുന്നത്.
Discussion about this post