തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് സ്പീക്കർ എഎൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അന്ന് എംഎൽഎ ആയിരുന്ന സ്പീക്കർ എഎൻ ഷംസീർ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് പോയതിൽ എന്താണ് തെറ്റെന്ന് ഇപി ജയരാജൻ ചോദിച്ചു. ഒരാളിൽ കുറ്റം ആരോപിച്ച് ജയിലിൽ പോയാൽ അയാളുടെ കുടുംബത്തെ സമൂഹികമായി ബഹിഷ്‌കരിക്കണോ എന്നും ഇപി ജയരാജൻ ചോദിച്ചു.
‘ഷംസീർ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് പോയതിൽ എന്താണ് തെറ്റ്? നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരുടെ വീട്ടിൽ പോയി ആരും കല്യാണം നടത്തികൊടുക്കാറില്ലേ? കുറ്റാരോപിതനായി ജയിലിൽ പോയതു കൊണ്ട് അയാളുടെ കുടുംബത്തെ സാമൂഹികമായി ബഹിഷ്‌കരിക്കുകയാണോ ചെയ്യേണ്ടത്?. രാഷ്ട്രീയ ശത്രുതയുള്ളത് കൊണ്ട് ഒരാളും മറ്റൊരാളുടെ വിവാഹത്തിൽ പങ്കെടുക്കാറില്ലേ?. ഷംസീർ ചെയ്തതിൽ എന്താണ് തെറ്റ്?- ഇപി ചോദിച്ചു.
നമുക്ക് ഒരുപാട് പേരുമായി ബന്ധമുണ്ടാകും. ഇതിൽ ചിലർ ചിലപ്പോൾ കേസിൽ പെട്ടിട്ടുണ്ടാകും. എന്നു വിചാരിച്ച് ആ വീട്ടിൽ ഉള്ളവർ മുഴുവൻ കേസിൽ പെട്ടവരാണോ?. മരണം സംഭവിച്ചാൽ രാഷ്ട്രീയം നോക്കിയാണോ പോകുക. വ്യത്യസ്ത രാഷ്ട്രീയത്തിൽ പെട്ടവരാണെങ്കിലും സാമൂഹ്യ പ്രശനങ്ങളിൽ നിന്നും മാറി നിൽക്കാറില്ല. ഞങ്ങളെ വെട്ടാനും കുത്താനും വന്നിട്ടുള്ളവരുടെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ നമ്മൾ പോവില്ലേ? അതൊക്കെയാണ് മാനുഷിക മൂല്യങ്ങൾ. ആ മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ വില കൊടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റം ചെയ്തവരെ പോലും ഉപദേശിച്ച് നന്നാക്കിയെടുക്കാനാണ് നമ്മൾ നോക്കേണ്ടത്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നിട്ടുള്ള ആളാണ് താൻ. അന്ന് തന്നോടൊപ്പം കളവ് കേസിൽ പെട്ട കുറേ പേരുണ്ടായിരുന്നു. അവരെ ഉപദേശിച്ച് നന്നാക്കി എടുക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Discussion about this post