വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. കേസിൽ പ്രതി ചേർക്കപ്പെട്ട ബാക്കിയുള്ള വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
18 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. ഇതിൽ 12 പേരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ളവരെ കൂടി സസ്‌പെൻഡ് ചെയ്തത്. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്.എസ്,(കോളേജ് യൂണിയൻ സെക്രട്ടറി ), ആകാശ് .ഡി,ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ ഡി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിലവിൽ ഇവർ ഒളിവിലാണെന്നാണ് സൂചന. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ സംഭവത്തിൽ കൂടുതൽ എസ്എഫ്‌ഐ നേതാക്കൾ പോലീസിന് മുൻപാകെ കീഴടങ്ങിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. ഇന്നലെ രാത്രിയോടെ ഇരുവരും കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങുകയായിരുന്നു.
ഇതുവരെ എട്ട് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായത്. ബാക്കിയുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
Discussion about this post