ശിവൻറെ രാത്രിയാണ് ശിവരാത്രി. ഏറ്റവും മംഗളകരമായ (ശിവം ആയ) രാത്രിയും ശിവരാത്രി തന്നെ. ആദിയും അന്തവുമില്ലാതെ തേജോമയനായ കാലകാലനുമുന്നിൽ തൊഴു കൈകളോടെ ബ്രഹ്മാവും നാരായണനും നിന്ന ദിവസമാണ് ശിവരാത്രി. ശിവരാത്രിയെക്കുറിച്ച് അനേകം പുരാണങ്ങളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ദേവൻമാരും അസുരൻമാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അമൃതകുംഭത്തിന് മുൻപേ കാളകൂട വിഷം ഉയർന്നു വന്നു. കാളകൂടം താഴെവീണാൽ പ്രപഞ്ചമാകെ വിഷമയമാകുമെന്ന് കണ്ട മഹാദേവൻ ആ വിഷത്തെ പാനം ചെയ്തു.
ഭഗവാന് വിഷം തീണ്ടുമോ എന്ന ഭയത്താൽ വിഷം ഇറങ്ങിപോകുന്നത് തടയാൻ ദേവി ഭഗവാൻറെ കഴുത്തിൽ മുറുകെ പിടിച്ചെന്നും എന്നാലത് പുറത്തേക്ക് പോയി ലോകം നശിക്കുന്നത് തടയാൻ വിഷ്ണു ദേവൻ ഭഗവാൻറെ വായ പൊത്തിപ്പിടിച്ചെന്നുമാണ് ഐതിഹ്യം. കാളകൂട വിഷം ഭഗവാൻറെ കണ്ഠത്തിൽ നീല നിറത്തിൽ ഉറച്ചു. അങ്ങനെയാണ് ഭഗവാന് നീലകണ്ഠനെന്ന പേരു വന്നത് . കാളകൂട വിഷബാധയിൽ നിന്ന് ഭഗവാനെ രക്ഷിക്കുവാനായി പാർവ്വതീ ദേവിയും ശിവ ഭൂതഗണങ്ങളും രാത്രി മുഴവനും ഉറക്കമിളച്ച് ധ്യാനിച്ചു. ആ രാത്രിയാണ് ശിവരാത്രിയെന്നാണ് ഒരു കഥ.
ഒരിക്കൽ ആരാണ് കേമനെന്ന് തർക്കിച്ച് സാക്ഷാൽ നാരായണനും ബ്രഹ്മദേവനും തമ്മിൽ തർക്കമാരംഭിച്ചു. പെട്ടെന്ന് അവർക്കുമുന്നിൽ പ്രകാശപുഞ്ജമായി ജ്യോതിർ ലിംഗ രൂപത്തിൽ ശ്രീ മഹാദേവൻ അവതരിച്ചു. ജ്യോതിർലിംഗത്തിൻറെ ആദിയും അന്തവും കണ്ടുപിടിക്കുന്നവനാണ് യഥാർത്ഥ കേമൻ എന്ന അശരീരിയും ഉണ്ടായി. ഗരുഡ വാഹനനായി മഹാവിഷ്ണു മുകളിലേക്കും ഹംസത്തിന് പുറത്ത് ബ്രഹ്മദേവൻ താഴോട്ടും പോയി. ഏറെ ദൂരം യാത്രചെയ്തിട്ടും ജ്യോതിർലിംഗത്തിൻറെ ആദിയോ അന്തമോ കണ്ടെത്താനാവാതെ നിരാശരായി അവർ തിരിച്ചെത്തി. കാലകാലനായ മഹാദേവൻ തന്നെയാണ് ദേവദേവൻ എന്ന് അവർ അംഗീകരിച്ചെന്നും ഇരുവരും ചേർന്ന് ശിവരാത്രി വ്രതമെടുത്തെന്നുമാണ് മറ്റൊരു ഐതിഹ്യം.
ചാന്ദ്രമാസത്തിലെ പതിനാലാമത്തെ ദിവസമാണ് അമാവാസി. അമാവാസി ദിവസമെല്ലാം ശിവരാത്രി തന്നെയാണെന്നാണ് അഭിജ്ഞ മതം. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് മഹാശിവരാത്രി. സ്കന്ദപുരാണമനുസരിച്ച് നാലു തരം ശിവരാത്രികളാണ് ഉള്ളത്. ആദ്യത്തേത് നിത്യ ശിവരാത്രിയാണ്. അതായത് എല്ലാദിവസവും ശിവരാത്രി എന്ന സങ്കല്പത്തിൽ വ്രതവും പൂജാനുഷ്ഠാനുങ്ങളും ചെയ്യുക. രണ്ടാമത്തേത് എല്ലാ അമാവാസി ദിനവും ശിവരാത്രി എന്നതാണ്.
മൂന്നാമത്തേത് മാഘ പ്രഥമാദി ശിവരാത്രിയാണ്. മാഘമാസത്തിലെ ഒന്നാം ദിവസം മുതൽ പതിമൂന്നാം ദിവസം വരെ ആചരിക്കുന്ന ശിവപൂജയെ മാഘപ്രഥമാദി ശിവരാത്രി എന്നാണ് പറയപ്പെടുന്നത്. മാഘമാസത്തിലെ പതിനാലാം ദിവസത്തിലെ അമാവാസി ദിവസം ആചരിക്കുന്ന ശിവരാത്രിയാണ് മഹാശിവരാത്രി.
ആ ദിവസം ശിവപാർവ്വതിമാരുടെ വിവാഹദിവസമായി കണ്ട് അവരെ ആരാധിച്ചാൽ ഗാർഹിക ജീവിതത്തിൽ ഉന്നതിയുണ്ടാകുമെന്നാണ് പുരാണങ്ങൾ പറയുന്നത്. അതേ സമയം മഹാദേവൻ തൻറെ എതിരാളികളായ അസുരൻമാരെ എല്ലാം വധിച്ച ദിവസമായി കണ്ട് ശിവനെ ആരാധിച്ചാൽ ലോകജയം ഉണ്ടാകുമെന്നും പറയപ്പെടുന്നു.
കുണ്ഡലിനീ ശക്തിയും പ്രാപഞ്ചിക ശക്തികളും സാധകൻറെ ശ്രേയസ്സിന് അനുകൂലമായി ചലിക്കുന്ന ദിവസമാണ് മഹാശിവരാത്രി. അതുകൊണ്ടു തന്നെ സാധകൻമാർക്ക് ആ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും ആചാര്യൻമാർ പറയുന്നു. നിഷ്ഠയോടു കൂടി വ്രതമെടുത്ത് രാത്രി മുഴുവൻ ഉണർന്നിരുന്ന് സാധന ചെയ്താൽ മറ്റ്ദിവസങ്ങളിലുണ്ടാവുന്നതിനേക്കാൾ ആദ്ധ്യാത്മിക ശ്രേയസ് ആ ഒരു ഒറ്റ ദിവസംകൊണ്ട് ലഭിക്കും എന്നാണ് പറയപ്പെടുന്നത്.
Discussion about this post