വയനാട്: കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകളായി മാറ്റിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. സിദ്ധാർത്ഥിന്റെ മരണത്തിൽ വെറ്റിനറി സർവകലാശാല വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് കൊലപാതകമാണ്. റാഗിംഗിനെ തുടർന്നുണ്ടായ മരണമാണെന്ന് ഒരിക്കലും പറയാനാകില്ല. മൂന്ന് ദിവസം സിദ്ധാർത്ഥ് ഭഷണം കഴിച്ചിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പട്ടിണിക്കിട്ട് യുവാവിനെ കൊന്നതാണെന്ന് ഇതിൽ നിന്നും തന്നെ വ്യക്തമാണ്. അധികൃതരുടെ അറിവോടെ തന്നെയാണ് ഈ ക്രൂരതകൾ നടന്നത്. സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണ്’- ഗവർണർ വ്യക്തമാക്കി.
കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകളാക്കി മാറ്റുകയാണ്. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. കോളേജ് അധികൃതർക്ക് പോലും അവിടേക്ക് പോകാൻ പേടിയാണ്. അതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെറ്റിനറി സർവകലാശാല വിസി ഡോ. എംആർ ശശീന്ദ്രനാഥിനെയാണ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഗവർണറുടെ നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിയിൽ കത്ത് നൽകി.
Discussion about this post