തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി ആർ റസ്തമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിനെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു. പരാതിക്കാർ മോൺസന് 25 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും അതിൽ 10 ലക്ഷം സുധാകരന് കൈമാറിയിട്ടുണ്ടെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. മോൻസൻ വ്യാജ ഡോക്ടറാണെന്ന് സുധാകരന് അറിയാമായിരുന്നു. എന്നാൽ, ഇതേപറ്റി സുധാകരൻ മറച്ച് വയ്ക്കുകയും മോൻസന്റെ വീട്ടിലുള്ള പുരാവസ്തുകളകൾ യഥാർത്ഥത്തിൽ ഉള്ളതാണെന്ന് പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു എന്നും കുറ്റപത്രത്തിൽ പറയുന്നു.
മോൻസനെയും സുധാകരനെയും കൂടാതെ, എബിൻ എബ്രഹാം ആണ് കേസിലെ മറ്റൊരു പ്രതി. കോഴിക്കോട് സ്വദേശി എം.ടി ഷമീറാണ് കേസിൽ സുധാകരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. കേസിൽ സുധാകരനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു സുധാകരന്റെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ട് പോയത്.
Discussion about this post