തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നൽകിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യസങ്ങളുണ്ടെന്നും എന്നാൽ മറ്റൊരു പാർട്ടിയിൽ പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു.
മണ്ഡലം കമ്മിറ്റി പുനഃസംഘടനയിൽ തന്റെ നിർദേശം പരിഗണിച്ചില്ല. പാർട്ടിയിൽ ഏറെക്കാലമായി തഴയപ്പെടുകയാണെന്നും പത്മജ പ്രതികരിച്ചു. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നുവെന്നായിരുന്നു അഭ്യൂഹം.
ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാദ്ധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു.അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ലെന്ന് പത്മജ കുറിച്ചു.
Discussion about this post