സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നാം. സൗന്ദര്യവർദ്ധക വസ്തുക്കൾ ആകട്ടെ വിപണിയിൽ സുലഭവും. എന്നാൽ കുന്നുകൂടുന്ന ഈ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണോ എന്ന് ഉറപ്പാണോ? എന്നാൽ പൂർണമായും ഉറപ്പില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡുകളിൽ ക്യാൻസറിന് കാരണമാകുന്ന വസ്തുക്കൾ ഉയർന്ന അളവിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മുഖക്കുരുവിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില ഉത്പന്നങ്ങളിലാണ് കാൻസറിന് കാരണമാവുന്ന രാസവസ്തുവായ ബെൻസീൻ കണ്ടെത്തിയത്. ഇതിൽ പ്രമുഖ ബ്രാൻഡുകളായ എസ്റ്റീ ലോഡേഴ്സിന്റെ ക്‌ളിനിക്ക്, ടാർജറ്റിന്റെ അപ്പ് ആന്റ് അപ്പ്, റെക്കിറ്റ് ബെൻക്കിസറിന്റെ ക്‌ളീറാസിൽ, പ്രോആക്ടീവ്, പാൻഓക്സിൽ, വാൽഗ്രീനിന്റെ ബാർസോപ്പ്, വാൾമാർട്ടിന്റെ ഇക്വേറ്റ് ബ്യൂട്ടി ക്രീം എന്നിവ ഉൾപ്പെടുന്നു. അമേരിക്കൻ ലബോറട്ടറിയായ വാലിഷുവർ ആണ് ഇത് കണ്ടെത്തിയത്.
ഈ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വാലിഷുവർ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് പരാതി നൽകി. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ എസ്റ്റീ ലോഡറിന്റെ ഷെയറുകൾ രണ്ട് ശതമാനം ഇടിഞ്ഞു. തങ്ങളുടെ ഒരു ഉത്പന്നത്തിൽ ബെൻസോയിൽ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും എസ്റ്റീ ലോഡർ റിപ്പോർട്ടുകളോട് പ്രതികരിച്ചു. ക്‌ളീറാസിലിന്റെ ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നും ലേബലിൽ പറഞ്ഞിരിക്കുന്നതുപോലെ ഉപയോഗിക്കേണ്ടതുണ്ടെന്നുമാണ് റിപ്പോർട്ടുകൾക്ക് റെക്കിറ്റ് മറുപടി നൽകിയത്. ടാർജറ്റും വാൾമാർട്ടും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Discussion about this post