ന്യൂഡൽഹി : തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രബാബു നായിഡു വീണ്ടും ബിജെപിയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ചന്ദ്രബാബു നായ്ഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യചേർന്ന് മത്സരിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ചർച്ചയിൽ പങ്കുചേർന്നു.
ബിജെപിയുമായി സഖ്യം ചേരുന്ന കാര്യത്തിൽ ടിഡിപി അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് വിവരം. ചന്ദ്രബാബു നായിഡുവും അമിത് ഷായും തമ്മിൽ ഇന്നും ചർച്ചകൾ നടക്കും. ജനസേന പാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാണും ചർച്ചയിൽ പങ്കുചേരുമെന്നും വിവരമുണ്ട്. 2018 ൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്ത് ടിഡിപി എൻഡിഎയുമായി സഖ്യത്തിലായിരുന്നു.
നേരത്തെയും ചന്ദ്രബാബു നായിഡുവും അമിത് ഷായും ജെപി നദ്ദയും തമ്മിൽ കൂടിക്കാഴ്ച നടന്നിട്ടുണ്ട്. ഇത് സഖ്യവുമായി ബന്ധപ്പെട്ട സൂചകൾ ശക്തിപ്പെടുത്തുന്നു. ഒഡീഷയിൽ അധികാരത്തിലിരിക്കുന്ന ബിജു ജനതാ ദൾ പാർട്ടിയും ബിജെപിയും തമ്മിൽ സഖ്യം ചേരാനുള്ള സാധ്യതകളും പുറത്തുവരുന്നുണ്ട്.
Discussion about this post