സിനിമാ താരസംഘടന ‘അമ്മ’യുടെ നേതൃത്വത്തിൽ ഖത്തറിൽ നടക്കാനിരുന്ന താരനിശ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ‘മോളിവുഡ് മാജിക്’ എന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടന്നുവച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി ധനശേഖരണാർത്ഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഇരുന്നൂറോളം താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തിയിരുന്നു.
മെഗാ ഷോ അവസാന നിമിഷം റദ്ദാക്കിയതിനു പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന. ഷോയ്ക്കെത്തിയ താരങ്ങളുടെ പ്രതിഫലം അടക്കം തുക പരിപാടി ആരംഭിക്കും മുൻപ് മുൻകൂറായി കൈമാറണമെന്നായിരുന്നു പരിപാടിയുടെ നടത്തിപ്പുകാരായ നയൻ വൺ ഇവന്റ്സുമായുള്ള കരാർ.
ഈ കരാർ അനുസരിച്ച് പരിപാടിയുടെ സ്പോൺസേഴ്സിനോടും മുൻകൂർ തുക ഇവന്റ് കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിപാടിക്കു ശേഷമേ തുക നൽകൂ എന്ന സ്പോൺസേഴ്സ് നിലപാട് എടുത്തതോടെ സാമ്പത്തിക പ്രശ്നം ഉടലെടുത്തു. ഇതോടെ, പരിപാടി റദ്ദാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തിൽ നടത്താനിരുന്ന മെഗാ ഷോയ്ക്കായി താരങ്ങൾ ഖത്തറിൽ എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും അടക്കം എല്ലാ പ്രമുഖ താരങ്ങളും ഷോയ്ക്ക് തയാറായിരുന്നു. വിദേശയാത്രയിലായിരുന്ന മമ്മൂട്ടിയും അമേരിക്കയിൽ ‘എംപുരാന്റെ’ ചിത്രീകരണത്തിലായിരുന്ന മോഹൻലാലും പരിപാടിയിൽ പങ്കെടുക്കാൻവേണ്ടി മാത്രമായാണെത്തിയത്. കൊച്ചിയിൽ ദിവസങ്ങൾനീണ്ട പരിശീലനത്തിനുശേഷമാണ് ദിലീപിനെപ്പോലെയുള്ള മുൻനിരതാരങ്ങളടങ്ങുന്ന സംഘം ഖത്തറിലേക്ക് തിരിച്ചത്. ദോഹയിലും നിരവധി തവണ റിഹേഴ്സൽ നടന്നിരുന്നു. താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും നാദിർഷയും പ്രൊഡ്യൂസർ രഞ്ജിത് രജപുത്രയും ചേർന്നായിരുന്നു മെഗാ ഷോ സംവിധാനം ചെയ്യാനിരുന്നത്. ഖത്തറിലെ മതനിയമം അനുസരിച്ചുള്ള വസ്ത്രധാരണത്തിലുള്ള നൃത്തങ്ങൾ മാത്രമാണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ ഇരിക്കെയാണ് പരിപാടി റദ്ദാക്കിയത്.
സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയുമാണ് പരിപാടി റദ്ദാക്കുന്നതിന്റെ കാരണമായി സംഘാടകരായ ‘നയൺ വൺ ഇവന്റ്‌സ്’ സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചത്. കാണികൾക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
നവംബറിൽ തന്നെ നടത്താനിരുന്ന പരിപാടി ഇസ്രേയൽ പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മാർച്ചിലേക്ക് മാറ്റിയത്. ദോഹയിലെ പരിപാടി റദ്ദായ സാഹചര്യത്തിൽ കേരളത്തിൽ തന്നെ ഷോ സംഘടിപ്പിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനംലോകകപ്പ് ഫുട്ബോളിന് വേദിയായിരുന്ന 974 സ്റ്റേഡിയത്തിലാണ് ‘മോളിവുഡ് മാജിക്’ താരനിശ നിശ്ചയിച്ചിരുന്നത്.













Discussion about this post