തിരുവനന്തപുരം: കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും കോൺഗ്രസ് നേതാവുമായ പത്മിനി തോമസ് ഇന്ന് ബിജെപിയിൽ ചേരും. രാവിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ ആകും പത്മിനിയുടെ ബിജെപി പ്രവേശനം. ഇതിന് ശേഷം പത്മിനി മാദ്ധ്യമങ്ങളെ കാണും.
വർഷങ്ങളായി കോൺഗ്രസിന്റെ വനിതാ മുഖമാണ് പത്മിനി തോമസ്. ഈ ബന്ധമാണ് ഇന്നത്തോടെ അവസാനിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയെ തുടർന്നാണ് പത്മിനി ബിജെപിയിൽ ചേരുന്നത് എന്നാണ് സൂചന. വനിതാ നേതാവിന് പുറമേ ഇന്ന് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളുമാണ് ബിജെപിയിൽ ചേരുക.
അടുത്തിടെ കോൺഗ്രസിന്റെ പ്രമുഖ വനിതാ നേതാവും മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പത്മിനിയും കോൺഗ്രസ് വിടുന്നത്. ബിജെപി പ്രവേശനത്തിന് ശേഷം കോൺഗ്രസ് വിടാനുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തമാക്കുമെന്ന് പത്മനി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post