കൊച്ചി: പൗരത്വ നിയമഭേദഗതി മുസ്ലീം വിഭാഗത്തെ രണ്ടാംതരമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും ജനവിരുദ്ധ വർഗീയ അജൻഡയുടെ ഭാഗവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത് കേരളം നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്, അതുതന്നെയാണ് ഇപ്പോഴും ആവർത്തിച്ചുപറയാനുള്ളത്. ഈ നിലപാട് എല്ലാതരത്തിലും ഉറപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഒറിജിനൽ സ്യൂട്ട് ഫയൽചെയ്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിഎഎ എല്ലാ അർഥത്തിലും ഇന്ത്യ എന്ന ആശയത്തിനുള്ള വെല്ലുവിളിയാണ്. ഇസ്ലാം മതവിശ്വാസികൾക്ക് മാത്രം പൗരത്വം നിഷേധിക്കുന്നു. ഇത് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ്. പ്രത്യേക മതവിശ്വാസത്തെ പൗരത്വം നിർണയിക്കുന്ന വ്യവസ്ഥയാക്കുകയാണ്. പുറംന്തള്ളലിന്റെ രാഷ്ട്രീയമാണിത്.
മുസ്ലീം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മമാരായി കണക്കാക്കുന്നു. ഭരണഘടനയ്ക്കുപകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറുകളിൽനിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മംകൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post