കോഴിക്കോട്: നെച്ചാട് സ്വദേശിനി അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെ യുവതിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അതിക്രൂരമായിട്ടാണ് അനുവിനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. രാവിലെ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന അനുവിന് പ്രതിയായ മലപ്പുറം സ്വദേശി ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. തോടിന് സമീപം എത്തിയപ്പോൾ അനുവിനെ തള്ളിയിട്ട് തല വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊല്ലുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ അനുവിന്റെ ആഭരണങ്ങൾ കവർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു.
തോടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ എത്തിയതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ സിസിടിവിയിൽ നിന്നും നാട്ടുകാരുടെ മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറത്തെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരിച്ചറിയൽ പരേഡിന് ശേഷം ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിടും. 55 ഓളം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ബലാത്സംഗകേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയായിരുന്നു. ബൈക്കിൽ ലിഫ്റ്റ് നൽകി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു.
Discussion about this post