തിരുവനന്തപുരം: പൂക്കോട് വൈറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ കൊലപാതകം സിബിഐ ഏറ്റെടുത്തതോടെ പോലീസ് അന്വേഷണം പൂർണമായി അവസാനിപ്പിച്ച മട്ടിലാണ്. കേസ് സിബിഐ ഏറ്റെടുത്ത ദിവസം കേസിൽ ഉൾപ്പെട്ട രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ എല്ലാ പ്രതികളെയും പിടികൂടിയെന്ന നിലപാടിലാണ് പോലീസ്. തുടർന്ന് അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
സിബിഐ എത്തുന്നതു വരെയും തെളിവുകൾ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നില്ലെന്ന് സിദ്ധാർത്ഥിന്റെ ബന്ധുക്കൾ ആരോപിച്ചു. കേസിലെ എല്ലാ പ്രതികളെയും ഉൾപ്പെടുത്താൻ പോലീസ് ശ്രമിച്ചിട്ടില്ല. തെളിവുകൾ ഇല്ലാതാക്കാനാണ് പോലീസിന്റെ ശ്രമം. മർദ്ദന ദിവസം സിദ്ധാർത്ഥിനെ അമ്മ വിളിച്ചപ്പോൾ ഫോണെടുത്തയാളെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കി.
ക്രൂരമായ പീഡനത്തിനാണ് സിദ്ധാർത്ഥ് ഇരയായതെന്ന് ആന്റി റാഗിംഗ് സ്‌കോഡ് നടത്തിയ അന്വേഷണത്തിൽ കോളേജിലെ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. പ്രധാന പ്രതി സിൻജോ സിദ്ധാർത്ഥിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. കൈവിരലുകളിൽ ചവിട്ടിയരക്കുകയും കുനിച്ചു നിർത്തി ഇടിക്കുകയും ചെയ്തു. മുറിയിൽ നിന്നും പലതവണ മുറവിളിയും അലർച്ചയും കേട്ടതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. വരാന്തയിലെ കട്ടിലിൽ അവശനിലയിൽ കിടന്നപ്പോഴും സിദ്ധാർത്ഥിനെ മർദ്ദിച്ചിരുന്നതായി വിദ്യാർത്ഥികൾ ആന്റി റാഗിംഗ് സ്‌ക്വാഡിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post