കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ നിർണായ വിവരങ്ങൾ പോലീസിന്. പ്രതി മറ്റ് ഇരകളെയും ലക്ഷ്യമിട്ടിരുന്നതായുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. മുജീബ് റഹ്‌മാൻ കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള പ്രദേശങ്ങളിൽ പ്രതി എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
മട്ടന്നൂരിൽ നിന്നും പുലർച്ചേ 3.30ഓടെ പുറപ്പെട്ട പ്രതി 9.30 ഓടെയാണ് വാളൂരിൽ എത്തിയത്. ഇതിനിടയിലുള്ള സമയം എവിടെയൊക്കെയാണ് മുജീബ് പോയതെന്നതിനെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
അതേസമയം, മുജീബുമായുള്ള പോലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്നലെ ബൈക്ക് മോഷ്ടിച്ച സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അനുവിനെ കൊലപ്പെടുത്തിയ സ്ഥലത്തെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ഇതോടൊപ്പം അനുവിന്റെ ആഭരണങ്ങൾ വിറ്റ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും.
തലപ്പുഴയിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തലപ്പുഴയിൽ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതാണ് കേസ്. തന്ത്രപൂർവം വാഹനത്തിൽ കയറ്റി കൊണ്ടു പോയായിരുന്നു പീഡനശ്രമം.
Discussion about this post