ആടുജീവിതം അഭ്രപാളികളിലേക്ക് എത്തുമ്പോൾ സിനിമയുടെ കേന്ദ്ര കഥാപാത്രമായ നജീബിന്റെ ജീവിതവും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. നജീബിന്റെ ആടുജീവിതം ബെന്യാമിൻ പുസ്തകമാക്കുവാൻ കാരണക്കാരനായ സുനിൽ മാവേലിക്കര എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയാണ് അരുൺ സോമനാഥൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. നജീബ് രണ്ടാമതും പ്രവാസത്തിനായി ബഹ്റൈനിൽ എത്തിയ സമയത്ത് അവിചാരിതമായി തന്റെ ജീവിതം സുനിൽ മാവേലിക്കരയുമായി പങ്കുവെച്ചത് അദ്ദേഹം ഇടപെട്ട് ബെന്യാമിനെ കൊണ്ട് ഒരു നോവൽ ആക്കി എഴുതിക്കുകയായിരുന്നു എന്നാണ് അരുൺ വ്യക്തമാക്കുന്നത്.
അരുൺ സോമനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ആടുജീവിതം സിനിമാരൂപത്തിൽ റിലീസാകാൻ പോകുന്നു എന്നതാണല്ലോ ഇപ്പോൾ സംസാരവിഷയം..
യഥാർത്ഥത്തിൽ നജീബിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ബന്യാമിന്റെ ഈ നോവൽ രൂപപ്പെടാൻ കാരണം Sunil Mavelikara എന്ന എന്റെ സുഹൃത്താണ്. കൃത്യമായ് പറഞ്ഞാൽ എന്റെ സുഹൃത്തായ Smithin Sundar ന്റെ സ്വന്തം അമ്മാവൻ.. പാരമ്പര്യമായി സാഹിത്യവാസന ഉള്ള കുടുംബമാണ് എന്നർത്ഥം. സാഹിത്യത്തിന് ഫേസ്ബുക്കിൽ മാർക്കറ്റ് ഉണ്ടാരുന്ന സമയത്ത് ഫേസ്ബുക്കിൽ കവിതകളെഴുതുകയും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം അതിലെ തിരഞ്ഞെടുത്ത കവിതകൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് സ്മിതിൻ. സുനിലേട്ടനും ഈ സാഹിത്യാഭിരുചി കൊണ്ടുനടക്കുന്ന ആളും പ്രവാസി സാഹിത്യസദസ്സുകളിൽ സ്ഥിര സാന്നിദ്ധ്യവും ആണ്.
തന്റെ യഥാർത്ഥ ആടു ജീവിതം കഴിഞ്ഞ് നജീബ് എന്ന നമ്മുടെ കഥാനായകൻ രണ്ടാമതും ഒരു പ്രവാസത്തിനായി ബഹറിനിൽ സ്വന്തം അളിയന്റെ കടയിൽ എത്തിയ സമയം.. സുനിലേട്ടൻ ഈ അളിയന്റെ അടുത്ത സുഹൃത്തായിരുന്നു. സുനിലേട്ടനാവട്ടെ യു.എസ്സ് നേവിയ്ക്ക് വേണ്ടി വർക്ക് ചെയ്യുന്ന ഒരു കമ്പനിയിൽ നല്ലൊരു പോസ്റ്റിൽ ജോലി ചെയ്യുന്ന വ്യക്തിയും. ജോലിയൊന്നും തരമാവാതെ വന്ന നജീബ് സുനിലേട്ടനെ സമീപിച്ച് ഈ യു.എസ്സ് കമ്പനിയിൽ ഒരു ജോലിയ്ക്ക് അപേക്ഷിച്ചു. സുനിലേട്ടന്റേൽ ജോലി ഒക്കെ ഉണ്ടായിരുന്നു. പക്ഷേ വളരെ കഷ്ടപ്പാട് നിറഞ്ഞ ഒന്നാരുന്നു. നജീബിന്റെ ദുർബലമായ ശരീരം കണ്ടാവണം അദ്ദേഹം പറഞ്ഞു നജീബിനെക്കൊണ്ട് ഈ കാഠിന്യമുള്ള ജോലിയൊന്നും പറ്റില്ലെന്ന്..
അപ്പോഴാണ് നജീബ് കാരിരുമ്പിനേക്കാൾ കാഠിന്യമേറിയ തന്റെ കയ്പുജീവിതം റസ്യൂമെയിൽ എക്സ്പീരിയൻസ് ചേർക്കുന്നതുപോലെ വിവരിച്ചത്. സുനിലേട്ടൻ ഇത് കേട്ട് ഷോക്കായിപ്പോയി.. ഒരു സർഗ്ഗാത്മക മനസ്സിന്റ്റെ ഉടമയായതുകൊണ്ട് ദിവസങ്ങളോളം അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെട്ടു. ഇത് ലോകം അറിയണമെന്ന ശക്തമായ ആഗ്രഹത്തിന്റെ പുറത്ത്
അന്ന് അവിടെ ബഹറിനിൽ കോണ്ട്രാക്റ്റ് പണി ചെയ്തിരുന്ന തന്റെ സുഹൃത്തായ ബെന്യാമിനോട് സുനിലേട്ടൻ നജീബിന്റെ കഥ പറഞ്ഞു. നജീബിനെ പരിചയപ്പെടുത്തി കൃത്യമായ റിസർച്ചിലൂടെത്തന്നെ ആ ജീവിതം പകർത്താൻ പ്രേരിപ്പിച്ചു.
നജീബ് സുനിലേട്ടനെ കണ്ടു മുട്ടിയില്ലായിരുന്നെങ്കിൽ, സുനിലേട്ടന് ഇത് ലോകത്തെ അറിയിക്കണമെന്ന് തോന്നിയില്ലാരുന്നുവെങ്കിൽ, ആടു ജീവിതം എന്ന നോവൽ ഉണ്ടാകുമായിരുന്നില്ല. കാരണം നജീബ് സ്വജീവിതം മുൻപ് പങ്കുവച്ചവർക്കാർക്കും ഈ ചിന്ത പോയില്ലല്ലോ.. അതുപോലെ സുനിലേട്ടൻ ഇതെഴുതാൻ സമീപിച്ച എഴുത്തുകാരൻ ബന്യാമിനു പകരം വേറെ ആരെങ്കിലും ആയിരുന്നുവെങ്കിലും ഒരുപക്ഷേ ബന്യാമിൻ തന്നെ പറയുന്ന “നോവലിസ്റ്റാകാനുള്ള നിയോഗത്തിലേക്ക്” അദ്ദേഹം എത്തുമായിരുന്നില്ല. അഥവാ എത്തിയാൽത്തന്നെ ഇതിനേക്കാൾ മികച്ച നോവലുകൾ പിന്നീട് എഴുതിയിട്ടും ആടുജീവിതത്തിന്റെ പേരിൽ അറിയപ്പെടുന്നപോലൊരു പ്രശസ്തി അദ്ദേഹത്തിനുണ്ടാകുമായിരുന്നില്ല. നജീബാണെങ്കിൽ ആരാലും അറിയപ്പെടാതെ, മരുഭൂമിയുടെ ക്രൂരതകൾ ലോകത്തിനോട് പറയാതെ ഒരു സാധാരണ ജീവിതമായി വഴിമാറി ഒഴുകിയേനേ..
സുനിൽ എന്ന മനുഷ്യന്റെ “നിർബന്ധബുദ്ധി” ആണ് ആടുജീവിതം എന്ന നോവലിനു പിന്നിൽ മുഴച്ചുനിൽക്കുന്നത്.
ഇവിടെ നജീബും ബന്യാമിനും ചേർന്നു പ്രവർത്തിച്ച ഒരു സാഹിത്യരാസപരീക്ഷണം ആയിരുന്നു ആടുജീവിതം എന്ന നോവൽ എങ്കിൽ സുനിൽ മാവേലിക്കര അതിലെ രാസത്വരകം അഥവാ catalyst ആയിരുന്നു. അതുകൊണ്ടുതന്നെ ആടുജീവിതം സിനിമ ആയി ഇറങ്ങുമ്പോൾ ബന്യാമിനും നജീബിനും ഒപ്പം തന്നെ സുനിലേട്ടന്റെ സഹജീവിയോടുള്ള ആ അനുതാപവും നമ്മൾ ചർച്ച ചെയ്യണമെന്നു തോന്നിയതുകൊണ്ടാണ് ഇത്രയും എഴുതിയത്.
അഭിനന്ദനങ്ങൾ സുനിലേട്ടാ, The real unsung Hero behind the book.
ചിത്രത്തിൽ ഇടത് ബന്യാമിനും നടുക്ക് നജീബിനും ഒപ്പം വലത് സുനിൽ മാവേലിക്കര ആടുജീവിതം സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനിടയിൽ..
Discussion about this post