തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ച് നിന്ന് കലാമണ്ഡലം സത്യഭാമ. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു. ഇനിയും പറയും. മത്സരിക്കുന്ന പല കുട്ടികളും രക്ഷപ്പെടുന്നത് മേക്ക്അപ്പുകൊണ്ടാണെന്നും സത്യഭാമ പറഞ്ഞു.
‘കറുത്തവർ മേക്ക്അപ്പ് ചെയ്ത് വൃത്തിയാകണം. മോഹിനിയാട്ടം ചെയ്യുന്നവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്തവർ മത്സരത്തിന് വരരുത്. കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രങ്ങളിലോ മറ്റോ കളിക്കണം രാമകൃഷ്ണൻ പരാതി കൊടുക്കുകയാണെങ്കിൽ കൊടുക്കട്ടെ. ഇത്രയും നാളും എന്നെ നിങ്ങൾക്ക് അറിയുമായിരുന്നില്ലല്ലോ. പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല. എന്റെ ഇഷ്ടമാണ് കറുത്തവരെന്ന് പറഞ്ഞത്. കറുത്ത കുട്ടികളെ ഞാൻ നൃത്തം പഠിപ്പിക്കും. എന്നാൽ, മത്സരത്തിന് പോവേണ്ടെന്ന് പറയും.- സത്യഭാമ പറഞ്ഞു.
മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറിക്കൊണ്ടായിരുന്നു സത്യഭാമ പ്രതികരിച്ചത്. മാദ്ധ്യമപ്രവർത്തകരെ പോലെയല്ല സൗന്ദര്യം വേണ്ട തൊഴിലാണ് കലയെന്നും സത്യഭാമ അധിക്ഷേപിച്ചു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ ആർഎൽവി രാമകൃഷ്ണനെതിരായ വിവാദ പരാമർശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു പരാമർശം.
Discussion about this post