തൃശൂർ: സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് വിദഗ്ധരിൽ നിന്നും നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കലാരംഗത്ത് പുതുമുഖങ്ങൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ്. അധിക്ഷേപത്തെ നിയമപരമായി തന്നെ നേരിടും. സത്യഭാമയ്‌ക്കെതിരെ മാത്രമല്ല, കറുത്തവർ മോഹിനിയാട്ടം കളിക്കരുതെന്ന ചിന്താഗതിക്കെതിരെ കൂടിയാണ് പോരട്ടം. കലാമേഖലയ്ക്കുള്ളിൽ തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. നിരന്തരം ഉയരുന്ന ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ഈ ലോബിയാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സത്യഭാമയുടെ വിവാദപരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വികെ ബീനാ കുമാരി ആവശ്യപ്പെട്ടു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.
Discussion about this post