പത്തനംതിട്ട: തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
ഇളയ കുഞ്ഞിനായി കെട്ടിയ തൊട്ടിലിൽ ആയിരുന്നു ഹൃദ്യയുടെ കഴുത്ത് കുരുങ്ങിയത്. സ്പ്രിംഗ് കൊണ്ടുള്ള തൊട്ടിൽ ആയിരുന്നു ഇത്. കളിക്കുന്നതിനിടെ ഈ സ്പ്രിംഗിൽ കഴുത്ത് കുരുങ്ങുക ആയിരുന്നു.
സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇളയ കുഞ്ഞുമായി കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ പോയിരുന്നു. ഇതിനിടെ കുട്ടിയുടെ മുത്തശ്ശൻ പുറത്തുപോകുകയും മുത്തശ്ശി അയൽ വീട്ടിലേക്ക് പോകുകയും ചെയ്തു. ഈ സമയം ആയിരുന്നു അപകടം.
തിരിച്ചെത്തിയ മുത്തശ്ശിയാണ് കുട്ടിയെ തൊട്ടിലിൽ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടനെ അയൽക്കാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോന്നി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ആദ്യം കുട്ടിയെ എത്തിച്ചത്. എന്നാൽ അപ്പോഴേയ്ക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
Discussion about this post