തിരുവനന്തപുരം: നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശത്തിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കലാമണ്ഡലം സത്യഭാമ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ല പരാമർശം നടത്തിയത് എന്ന് സത്യഭാമ പറഞ്ഞു. രൂക്ഷ വിമർശനങ്ങൾക്കിടെ ഫേസ്ബുക്കിലൂടെയായിരുന്നു സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി സത്യഭാമ രംഗത്ത് എത്തിയത്.
താൻ പറഞ്ഞ കാര്യങ്ങൾ ചില മാദ്ധ്യമങ്ങളും യൂട്യൂബ് ചാനലുകളും വളച്ചൊടിച്ചു. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ അധിക്ഷേപമാണ് തനിക്ക് നേരിടേണ്ടിവന്നത്. തന്റെ മാത്രമല്ല തന്റെ കുടുംബത്തെയും സ്വകാര്യതയെയും വലിച്ചിഴയ്ക്കുന്നു. അപമാനിക്കുന്നുവെന്നും സത്യഭാമ പറഞ്ഞു. ആർഎൽവി രാമകൃഷ്ണന്റെ പേര് എടുത്ത് പറയാതെ അദ്ദേഹത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പരാമർശങ്ങളും സത്യഭാമ നടത്തിയിട്ടുണ്ട്.
സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ സേവനം അനുഷ്ടിച്ചിരുന്ന കാലയളവിൽ താൻ അപമാനിച്ചുവെന്ന് പറയുന്ന വ്യക്തിയ്ക്ക് അവസരം നൽകിയിരുന്നു.ഇതിന് വിപരീതമായുള്ള പരാമർശങ്ങൾ തള്ളിക്കളയുന്നു. തന്റെ അഭിമുഖം ആരെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്നും സത്യഭാമ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം വിവാദത്തിനിടെ ഇത് ആദ്യമായാണ് സത്യഭാമ പരാമർശം ആരെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്ന തിരുത്തലുമായി രംഗത്ത് എത്തുന്നത്. നേരത്തെ പരാമർശവുമായി ബന്ധപ്പെട്ട് നിരവധി തവണ മാദ്ധ്യമങ്ങൾ സത്യഭാമയിൽ നിന്നും പ്രതികരണം തേടിയിരുന്നു. എന്നാൽ പരാമർശത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഇവർ. എന്നാൽ വിമർശനം ശക്തമായതോടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Discussion about this post