അമ്പത് നോമ്പ് കഴിഞ്ഞുള്ള ആഘോഷത്തിന്റെ ദിവസമാണ് ഈസ്റ്റർ. ഈ ഇസ്റ്ററിന് തനത് കോട്ടയം വിഭവമായ കോഴിയും പിടിയും ഒന്ന് പരീക്ഷിച്ചാലോ?
പിടിയുണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
അരിപ്പൊടി (നേരീയ തരി പരുവത്തിൽ): ഒരു കിലോ
തേങ്ങാപ്പീര: ഒന്നര തേങ്ങയുടേത്
ജീരകം: ഒരു ചെറിയ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്ത് ചുവക്കുന്നത് വരെ വറുക്കുക. ഒരു കപ്പ് പൊടിക്ക് രണ്ട് കപ്പ് എന്ന കണക്കിൽ വെള്ളം തിളപ്പിക്കുക. ജീരകം ചേർത്ത് വേണം വെള്ളം തിളപ്പിക്കാൻ. ഈ വെള്ളം ഒഴിച്ച് വറുത്ത പൊടി ചൂടോടെ കുഴച്ചെടുക്കണം. പൊട്ടി പോകാതെ കൈകൊണ്ട് ഉരുട്ടിയെടുക്കുന്ന പാകത്തിൽ വേണം ഇത് കുഴച്ചെടുക്കാൻ. പിന്നീട്, ചെറിയ ഉരുളകളാക്കി ഇത് ഉരുട്ടിയെടുക്കുക. തിളപ്പിച്ച വെള്ളം ബാക്കിയുണ്ടെങ്കിൽ അതിലേക്ക് ഒന്നര കപ്പ് കൂടി വെള്ളം ഒഴിച്ച ശേഷം തിളപ്പിക്കുക. തിളച്ചു വരുമ്പോൾ പിടികൾ ഇതിലേക്ക് ഇടുക. അഞ്ച് മിനിറ്റ് കൂടി വെള്ളം തിളച്ച ശേഷം മാത്രം പിടികൾ ഉടഞ്ഞ് പോവാത്ത രീതിയിൽ പതിയെ ഇളക്കി കൊടുക്കുക. പിടി കുറുകി വരുന്നത് വരെ വേണം ഇത് വേവിക്കാൻ. ഉരുളകൾ മുകളിൽ തെളിഞ്ഞ് കാണുന്ന പാകത്തിലായാൽ ഇത് ഇറക്കി വയ്ക്കാം.
പിടിക്ക് വേണ്ടിയുള്ള വറുത്തരച്ച കോഴിക്കറി എങ്ങനെയാണ് ഉണ്ടാക്കുകയെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
കോഴിയിറച്ചി: അരക്കിലോ
മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
ഇഞ്ചി
വെളുത്തുള്ളി
കറുവാപ്പട്ട
ഗ്രാമ്പൂ
ഏലക്ക
സവാള
കറിവേപ്പില
വറ്റൽമുളക്
തേങ്ങ ചിരവിയത്
തേങ്ങാ കൊത്ത്
ചിക്കൻ മസാല
ഉപ്പ്
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കിയ ചിക്കനിൽ അൽപ്പം മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളക് പൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്ത് അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
പിന്നീട്, ഒരു പാനിലേക്ക് എണ്ണ ചൂടാക്കി പെരുംജീരകം, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റൽ മുളക്, എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് തേങ്ങ ചരകിയത് ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് വച്ച് മഞ്ഞൾപൊടിയും മുളക് പൊടിയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് ഇറക്കുക. ഇതിന്റെ ചൂട് പോകുമ്പോൾ അൽപ്പം വെള്ളം ചേർത്ത് അരച്ചെടുക്കുക.
ഇതിന് ശേഷം, പാനിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്ത് മാറ്റി വയ്ക്കാം. ഈ എണ്ണയിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ വഴറ്റുക. ഇത് നന്നായി വഴണ്ടു കഴിഞ്ഞാൽ, ഇതിലേക്ക് അൽപ്പം മഞ്ഞൾപൊടി, മുളക് പൊടി, മല്ലിപ്പൊടി, ചിക്കൻ മസാല എന്നിവ ചേർക്കുക. മസാല ഒന്ന് ചൂടായതിന് ശേഷം ഇതിലേക്ക് മാറ്റി വച്ചിരുന്ന ചിക്കൻ ചേർക്കാം. അൽപ്പം വെള്ളം കൂടി ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ചിക്കൻ വെന്ത് തുടങ്ങിയാൽ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് കൂടി ചേർക്കുക. ചിക്കൻ നന്നായി വെന്തു കഴിഞ്ഞാൽ, ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർക്കാം.
Discussion about this post