സിനിമാപ്രേമികൾ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം പുഷ്പ 2 ഷൂട്ടിങ് തിരക്കുകളിലാണ്. സിനിമയുടെ ആദ്യഭാഗത്തിലെ സാമന്തയുടെ ഐറ്റം ഡാൻസ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിലും നടിയുണ്ടെന്നാണ് സൂചന. . സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലെ ഗാനത്തിലായിരിക്കും സാമന്ത എത്തുക . അതുകൊണ്ടും കഴിയുന്നില്ല, നടിയുടെ കഥാപാത്രം സിനിമയുടെ മൂന്നാം ഭാഗത്തിലുമുണ്ടാകുമെന്നാണ് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുഷ്പയിൽ ഐറ്റം ഡാൻസ് ചെയ്യാൻ സാമന്ത ആദ്യം വിസമ്മതിച്ചിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ഒടുവിൽ രംഗസ്ഥലം എന്ന സിനിമയിൽ പൂജ ഹെജ്ഡെ ഐറ്റം ഡാൻസ് ചെയ്തതിനെ കുറിച്ചൊക്കെ പറഞ്ഞാണ് നടിയെ കൺവിൻസ് ചെയ്തത്. ആ ഒരൊറ്റ ഐറ്റം ഡാൻസിന് വേണ്ടി മാത്രം ഒന്നരക്കോടി രൂപയാണ് സാമന്തയ്ക്ക് പ്രതിഫലമായി നൽകിയത്. ആദ്യമായിട്ടാണ് ഒരു സിനിമയിൽ സാം ഐറ്റം ഡാൻസ് ചെയ്യുന്നത് . ആദ്യഭാഗത്തിലേതുപോലെ ഫഹദ് തന്നെയാണ് പുഷ്പ ടുവിലും പ്രതിനായകൻ. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യഭാഗത്തേക്കാൾ സ്‌ക്രീൻ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി നായകൻ അല്ലു അർജ്ജുൻ പ്രതിഫലം വാങ്ങാതെ ലാഭവിഹിതമാണ് കൈപ്പറ്റുന്നത് . സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടൻ സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക
പുഷ്പ ടീം പങ്കുവെച്ച ഒരു കൗണ്ട്ഡൗൺ പോസ്റ്റർ കഴിഞ്ഞ മാസം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 200 ദിവസത്തിനുള്ളിൽ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു പോസ്റ്റർ. 2024 ഓഗസ്റ്റ് 15-നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുക.
Discussion about this post