തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായി രംഗത്ത് വന്ന യുവാവിനെ പോലീസുകാരൻ മർദ്ദിച്ചതായി പരാതി. മാള അഷ്ടമിച്ചിറ സ്വദേശിയായ കെ.പി രാഹുലിനാണ് മർദ്ദനമേറ്റത്. മാള സ്റ്റേഷനിലെ പോലീസുകാരൻ വിനോദ് ആണ് രാഹുലിനെ ആക്രമിച്ചത്.
രാഹുലിന്റെ ഭാര്യയ്ക്ക് ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് വിനോദ് 21 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ പണം തിരികെ ചോദിച്ചതിനായിരുന്നു മർദ്ദനം. ആക്രമണത്തിൽ രാഹുലിന്റെ കൈയ്ക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ രാഹുലിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെയായിരുന്നു ആക്രമണം എന്നാണ് വിവരം. രണ്ട് വർഷം മുൻപ് ആയിരുന്നു വിനോദ് രാഹുലിന്റെ പക്കൽ നിന്നും പണം വാങ്ങിയത്.
ഇതിന് പിന്നാലെ രാഹുലിന്റെ ഭാര്യയ്ക്ക് നിയമന ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ഇതിൽ തുടർ നീക്കങ്ങൾ ഒന്നും ഉണ്ടായില്ല. പണവും ജോലിയും ഇല്ലാതെ ആയതോടെ രാഹുൽ വിനോദിനെ കണ്ട് പണം തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഭാര്യ പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ആളൂർ പോലീസാണ് പോലീസുകാരനെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.













Discussion about this post