തൃശ്ശൂർ: ടിടിഇയും മഞ്ഞുമ്മൽ സ്വദേശിയുമായ വിനോദിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപാതകം മനപ്പൂർവ്വമാണെന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ഒഡീഷ സ്വദേശി ട്രെയിനിൽ നിന്നും തള്ളിയിട്ടതിനെ തുടർന്ന് വിനോദ് മരിച്ചത്.
കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് വിനോദിനെ പ്രതി രജനികാന്ത് തള്ളിയിട്ടത് എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിനോദിനെ പിന്നിൽ നിന്നും തള്ളുകയായിരുന്നു. കൊല്ലണമെന്നുള്ളതുകൊണ്ടായിരുന്നു ഇത്തരത്തിൽ പുറകിൽ നിന്നും തള്ളിയത്. ടിക്കറ്റ് ഇല്ലെന്ന് കണ്ടെപ്പോൾ ഫൈൻ അടയ്ക്കാൻ വിനോദ് ആവശ്യപ്പെട്ടു. ഇതാണ് വിരോധത്തിന് കാരണം ആയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വലിയ ക്രൂരതയാണ് പ്രതി ചെയ്തത് എന്നും റിപ്പോർട്ടിലുണ്ട്.
ചൊവ്വാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. എറണാകുളം- പട്‌ന എക്‌സ്പ്രസിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. എസ് 11 കോച്ചിൽ ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയതായിരുന്നു വിനോദ്. അപ്പോഴാണ് വാതിലിന്റെ അരികിൽ ഇരിക്കുന്ന രജനികാന്തിനെ കണ്ടത്. തുടർന്ന് പരിശോധനയ്ക്കായി ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഇയാൾ വിനോദിനെ തള്ളിയിടുകയായിരുന്നു.
അപ്പുറത്തെ ട്രാക്കിലേക്ക് ആയിരുന്നു വിനോദ് വീണത്. ഈ സമയം അതുവഴി വന്ന ട്രെയിൻ വിനോദിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. വീഴ്ചയിൽ തലയ്ക്ക് ഏറ്റ പരിക്കും കാലുകൾ അറ്റുപോയതുമായിരുന്നു വിനോദിന്റെ മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
Discussion about this post