കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരൻമാർ. സിപിഎം നേതാവടക്കമാണ് അപരന്മാരാണ് രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവ്. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ് ആണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. അപരന്മാരെ ഗൗരവമായി കാണുന്നില്ലെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ അപരൻമാരുടെ ഭീഷണിയിലാണ് മുന്നണി സ്ഥാനാർത്ഥികൾ നേരിടുന്നത്. കെ കെ ശൈലജയ്ക്ക് മൂന്ന് അപരൻമാരാണുള്ളത്. ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. കോഴിക്കോട്ടെ മുന്നണി സ്ഥാനാർത്ഥികളും അപരഭീഷണിയിലാണ്. എളമരം കരിമീനും എം കെ. രാഘവനും മൂന്ന് അപരൻമാരാണ് ഉള്ളത്.
. മാവേലിക്കരയിൽ കൊടിക്കുന്നിലിന് രണ്ട് അപരൻമാരാണ് ഉള്ളത്. ത്രികോണപ്പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂരിനും അപരനുണ്ട്. വിളപ്പിൽശാല സ്വദേശിയായ ശശിയാണ് തിരുവനന്തപുരത്ത് പത്രിക നൽകിയത്.എം വി ജയരാജന് 3 അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് രണ്ട് അപരന്മാർ.എൻ കെ പ്രേമചന്ദ്രന് അപരനായി ഒരാൾ,അടൂർ പ്രകാശിന് രണ്ട് അപരന്മാർ.
അതേസമയം, സംസ്ഥാനത്ത് നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകളാണ് ലഭിച്ചത്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 252 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചു. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും.
Discussion about this post