ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ജനാധിപത്യത്തിന്റെ ഉത്സവം. എൻഡിഎയും ഇൻഡി സഖ്യവും തമ്മിലാണ് പോരാട്ടമെങ്കിലും, ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലങ്ങളാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുന്നതും ബിജെപി-കോൺഗ്രസ് പോരാട്ടങ്ങളായിരിക്കും.
2019ലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ശ്രദ്ധേമായ ചില വസ്തുതകൾ ലഭിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 178 സീറ്റുകളിലാണ് ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയത്. ഇതിൽ ഭൂരിഭാഗവും ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമായിരുന്നു. 2019ൽ പരസ്പരം ഏറ്റുമുട്ടിയ 178 ലോക്സഭാ സീറ്റുകളിൽ 166ലും വിജയക്കൊടി പാറിച്ചത് ബിജെപിയായിരുന്നു. കേവലം 12 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.
ബിജെപി കഴിഞ്ഞ തവണ സ്വന്തമാക്കിയ 303 സീറ്റുകളിൽ പകുതിയിൽ അധികവും കോൺഗ്രസിനെ തോൽപ്പിച്ച് നേടിയവയായിരുന്നു. ബിജെപിയോട് മത്സരിക്കുമ്പോൾ കോൺഗ്രസ് തകർന്നടിയുന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കണക്കുകൾ. കോൺഗ്രസിനെതിരെ കഴിഞ്ഞ തവണ വിജയിച്ച ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് 50 ശതമാനത്തിലധികം വോട്ട് നേടാൻ സാധിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ൽ എൻഡിഎ സർക്കാർ കേവലം ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോഴും ഏതാണ്ട് സമാനമായ സ്ഥിതിയായിരുന്നു. 2014ൽ ബിജെപിയും കോൺഗ്രസും തമ്മിൽ പ്രധാന മത്സരം നടന്ന മണ്ഡലങ്ങൾ 143 ആണ്. ഇതിൽ ബഹുഭൂരിപക്ഷം വരുന്ന 130 മണ്ഡലങ്ങളിലും ജയം നേടിയത് ഭാരതീയ ജനതാ പാർട്ടിയായിരുന്നു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളിൽ വെറും 13 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചു കയറിയത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 282 സീറ്റുകളാണ് നേടിയത്. അഴിമതിയിൽ മുങ്ങിക്കുളിച്ച പത്ത് വർഷത്തെ യുപിഎ ഭരണത്തിന് ശേഷം നടന്ന ജനവിധിയിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ലഭിച്ചത് കേവലം 44 സീറ്റുകൾ മാത്രമാണ്. 2019ൽ ബിജെപി നില മെച്ചപ്പെടുത്തി 303 സീറ്റിൽ എത്തിയപ്പോൾ ദയനീയ പ്രകടനം തന്നെയായിരുന്നു കോൺഗ്രസ് പുറത്തെടുത്തത്. 52 സീറ്റുകളിൽ ഒതുങ്ങി രാഹുലിന്റെ പാർട്ടി. ഉത്തരേന്ത്യയിലും കർണാടക, ആഡ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വമ്പൻ പരാജയം ഏറ്റുവാങ്ങിയതാണ് കോൺഗ്രസിന് തിരിച്ചടിയായത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാൻ സാധിച്ചാൽ മാത്രമെ ഇൻഡി സഖ്യത്തിന് മികച്ചൊരു മത്സരമെങ്കിലും കാഴ്ചവെക്കാൻ സാധിക്കുകയുള്ളു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത് കോൺഗ്രസ് പരമാവധി സീറ്റുകളിൽ വിജയിക്കണമെന്ന് ചുരുക്കം.
നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ അതിനുള്ള സാധ്യത വിരളമാണെന്ന് പറയേണ്ടി വരും. ഇതുവരെ പുറത്തുവന്ന അഭിപ്രായ സർവ്വേകൾ എല്ലാം ബിജെപിക്ക് അനുകൂലമാണ്. ഉത്തരേന്ത്യൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾ ഇത്തവണയും ബിജെപി തൂത്തുവാരുമെന്നാണ് പുറത്തുവരുന്നു ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. എന്തായാലും, ഇൻഡി സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും മുന്നണിയുടെ നിലനിൽപ്പും ഭാവിയും.
Discussion about this post